കുമളി: കുമളിയിൽ ജനവാസ മേഖലയിൽ കാട്ടു പോത്തുകൾ വിലസുന്നു. പട്ടാപ്പകൽപോലും ഇവ കൃഷിയിടങ്ങളിലും റോഡിലും വരെ കറങ്ങിനടക്കുകയാണ്. ജനങ്ങളാകട്ടെ കരടിയുണ്ടോ, കടവയുണ്ടോ, പുലിയുണ്ടോ, കാട്ടുപോത്തുണ്ടോ എന്നൊക്കെ നോക്കിയാണ് വീടിന് പുറത്തിറങ്ങുന്നത്.
ഏത് നിമിഷവും വന്യമൃഗങ്ങളുടെ മുന്നിൽപ്പെടാവുന്ന അവസ്ഥയാണ്. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടോടെ കുമളിക്കടുത്ത് വിശ്വനാഥപുരം (മുരിക്കടി) റോഡിൽ ഒരു കൂറ്റൻ കാട്ടുപോത്ത് മണിക്കൂറുകളോളം കറങ്ങി നടന്നു.
ദേശീയ പാതയോരമായ ചെളിമടക്കവലയിൽനിന്നും ഏതാനും മീറ്റർ അകലെയാണ് കാട്ടുപോത്തിറങ്ങിയ സ്ഥലം. ഈ ഭാഗത്ത് രാവും പകലും കാട്ടുപോത്ത് നടുറോഡിലുണ്ട്. കൃഷിയിടങ്ങളിൽ ജോലിക്കാർ ജീവൻ പണയം വച്ചാണ് പോകുന്നത്. ചെളിമടക്കവലയ്ക്ക് സമീപമുള്ള കാപ്പി, ഏലത്തോട്ടങ്ങളിൻ നൂറോളം കാട്ടുപോത്തുകൾ ഉണ്ടെന്നാണ് കണക്ക്.
ഇവയെ കാട്ടിലേക്ക് തുരത്തിയില്ലെങ്കിൽ ഏതാനും നാളുകൾക്കുള്ളിൽ കാട്ടുപോത്തുകളുടെ എണ്ണം താമസിയാതെ ഇരുന്നൂറിലെത്തും. സ്പ്രിംഗ് വാലിയിൽ ജനവാസമേഖലയിലിറങ്ങിയ കാട്ടുപോത്ത് യുവാവിനെ ആക്രമിച്ച് ഗുരതരമായി പരിക്കേൽപ്പിച്ചത് ഏതാനും മാസങ്ങൾക്ക് മുൻപാണ്.
കാട്ടുപോത്തുകളെ മയക്ക് വെടി വച്ച് പിടി കൂടി ദൂരെ സ്ഥലത്ത് വനത്തിൽ എത്തിക്കാമെന്നിരിക്കെ വനം വകുപ്പിനും അനക്കമില്ല. ദേശീയപാതയോരത്ത് കാട്ടുപോത്തിന്റെ ചിത്രം വരച്ച് മുന്നറിപ്പ് ബോർഡ് സ്ഥാപിച്ചതാണ് വനംവകുപ്പിന്റെ ഏക നടപടി.