മറയൂർ: കാട്ടുപോത്ത് ആൾതാമസമുള്ള വീട്ടിൽ ഒരുരാത്രി താമസിച്ചതിന് സർക്കാരിന് 1,07,000 രൂപ ചെലവ്. ജനവാസ കേന്ദ്രത്തിലിറങ്ങി വഴിതെറ്റി വീടിനുള്ളിലകപ്പെട്ട കാട്ടുപോത്ത് വീട്ടുസാധനങ്ങൾ നശിപ്പിച്ചതിനു നഷ്ടപരിഹാരമായാണു സർക്കാർ ഈ തുക നൽകിയത്.
തട്ടുതട്ടായുള്ള വീടുകൾ നിർമിച്ചിരിക്കുന്ന ഭാഗത്തുകൂടി പോകുന്നതിനിടെ മേൽക്കൂരയിൽ കയറിയ പോത്ത് ഇതു തകർന്ന് വീടിനുള്ളിലേക്കു വീഴുകയായിരുന്നു. പള്ളനാട് സ്വദേശി തിരുമുൽ സ്വാമിയുടേതാണു വീട്. ഇവിടെ വാടകയ്ക്കു താമസിച്ചിരുന്ന രാംകുമാറിനും കുടുംബത്തിനും നഷ്ടപരിഹാരത്തിന്റെ ഒരുഭാഗം ലഭിക്കും.
രണ്ടു മുറികളുള്ള വീടിന്റെ അടുക്കളയിലേക്കു വീണ കൂറ്റൻ കാട്ടുപോത്ത് അടുക്കളയിലെ പാത്രങ്ങളും ഗ്ലാസുകളും ഉൾപ്പെടെ എല്ലാ ഉപകരണങ്ങളും നശിപ്പിച്ചു. മറ്റു മുറികളിലുണ്ടായിരുന്ന കട്ടിൽ, ടെലിവിഷൻ, അലമാര, തുണികൾ, മെത്ത, കന്പിളി എന്നിങ്ങനെ എല്ലാം തരിപ്പണമാക്കുകയും ചെയ്തു. സ്ഥലത്തെത്തിയ റേഞ്ച് ഓഫീസർ ആദ്യം 5000 രൂപ നഷ്ടമായി നൽകാമെന്ന് അറിയിച്ചെങ്കിലും നാട്ടുകാർ ഒത്തുകൂടി കാട്ടുപോത്തിനെ തുറന്നുവിടില്ലെന്ന് നിലപാട് സ്വീകരിച്ചതോടെ സംഘർഷാവസ്ഥയായി. ഇതോടെ വൻപോലീസ് സംഘം സ്ഥലത്തെത്തി.
വിവരമറിഞ്ഞ എസ്. രാജേന്ദ്രൻ എംഎൽഎ നിയമസഭയിൽവച്ച് വനംമന്ത്രിയെ വിവരം ധരിപ്പിച്ചു. ഇതോടെ നഷ്ടപരിഹാരം നൽകാൻ മന്ത്രി നിർദേശിക്കുകയായിരുന്നു. നാട്ടുകാരും ഇതോടെ വിട്ടുവീഴ്ചയ്ക്കു തയാറായി. കാട്ടുപോത്തിനെ തുറന്നുവിടാനും സമ്മതിച്ചു.
വീടിന്റെ അറ്റകുറ്റപ്പണികൾക്കായി 16000 രൂപയും വയറിംഗിന്റെ അറ്റകുറ്റപണികൾക്കായി 4000 രൂപയും നൽകി. ടെലിവിഷൻ ,അലമാര , പാത്രങ്ങൾ ഉൾപ്പെടെ 78000 രൂപയും , കന്പിളി,ബെഡ് ഷീറ്റ്, തലയണ ഉൾപ്പെടെ തുണിത്തരങ്ങൾക്ക് 9000 രൂപയുമാണ് നഷ്ടം കണക്കാക്കിയിരിക്കുന്നത്.