വടക്കഞ്ചേരി: കാട്ടുപോത്തിനെ വേട്ടയാടിയ കേസിലെ പ്രതിയെ വനംവകുപ്പ് അഞ്ചുവർഷത്തിനുശേഷം അറസ്റ്റുചെയ്തു. പാലക്കുഴിയിൽ തോട്ടമുള്ള കോട്ടയം ഉഴവൂർ സ്വദേശി തോമസ് പീറ്ററി (49)നെയാണ് പീച്ചി വന്യമൃഗ സംരക്ഷണകേന്ദ്രത്തിനു കീഴിലുള്ള ഒളകര ഫോറസ്റ്റ് റേഞ്ച് ഓഫീസ് അധികൃതർ അറസ്റ്റുചെയ്തത്.
പ്രതിയെ ഇന്നലെ പാലക്കുഴി പൊന്മുടിയിൽ തെളിവെടുപ്പിനു കൊണ്ടുവന്നു. മൃഗത്തെ വേട്ടയാടിയ സ്ഥലത്തെത്തി വനംവകുപ്പ് തെളിവുകൾ ശേഖരിച്ചു. 2014 ജൂണ്‍ മാസത്തിലായിരുന്നു കേസിനാസ്പദമായ സംഭവം. പാലക്കുഴിയിൽ തോട്ടമുള്ള തോമസ് പീറ്റർ വലിയ കാട്ടുപോത്തിനെയാണ് വേട്ടയാടി കൊന്നതെന്ന് ഒളകര ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ എ.സി.പ്രജി പറഞ്ഞു.
സംഭവത്തിനുശേഷം ഇറ്റലിയിലേക്കുപോയ പ്രതി നാട്ടിലെത്തിയിട്ടുണ്ടെന്ന വിവരത്തെ തുടർന്നാണ് വനപാലകരെത്തി ഇയാളെ പിടികടിയത്. സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ.ബൈജു, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പ്രശാന്ത് കുമാർ, അജീഷ് എന്നീ ഫോറസ്റ്റ് ഉദ്യോഗസ്ഥരും തെളിവെടുപ്പിന് എത്തിയിരുന്നു.