വാഷിംഗ്ടൺ ഡിസി: അമേരിക്കയില്‍ അരിസോണ സംസ്ഥാനത്തിന്റെ വടക്കേ അറ്റത്തു സ്ഥിതി ചെയുന്ന ഗ്രാന്‍ഡ് കാന്യൻ വിനോദസഞ്ചാര കേന്ദ്രത്തിൽ കാട്ടുപോത്തുകളുടെ എണ്ണം പരിധിയിൽ കവിഞ്ഞ് പെരുകിയിരിക്കുകയാണ്.
ഇതോടെ കാട്ടുപോത്തുകളുടെ പെരുപ്പം നിയന്ത്രിക്കാൻ കടുത്ത നടപടിയുമായി യുഎസ് നാഷണൽ പാർക്ക് സർവീസ്(എൻപിഎസ്) അധികൃതർ രംഗത്തെത്തി. കാട്ടുപോത്തുകളെ കൊന്നു അവയുടെ എണ്ണം കുറയ്ക്കാനാണ് തീരുമാനം.
പരിസ്ഥിതിക്ക് നാശമുണ്ടാക്കുന്ന തരത്തിൽ പെരുകിയ കാട്ടുപോത്തുകളെ ഇല്ലായ്മ ചെയ്യാൻ 12 ഷാർപ്പ് ഷൂട്ടർമാരെ തേടുകയാണ് എൻപിഎസ് അധികൃതർ.
48 മണിക്കൂറിനിടെ 48,000 അപേക്ഷകളാണ് വന്നത്. പ്രാരംഭഘട്ടത്തിൽ 25 പേരുകൾ തെരഞ്ഞെടുക്കും.
അവരുടെ ലക്ഷ്യവേധനം ഉൾപ്പെടെയുള്ള കഴിവുകളെ പരിശോധിച്ച ശേഷം അവസാന 12 പേരെ തെരഞ്ഞെടുത്ത് കാട്ടുപോത്തിനെ കൊല്ലാനുള്ള അവസരം നൽകുമെന്നും അധികൃതർ പറഞ്ഞു.
എൻപിഎസ് നിയമങ്ങൾ അനുസരിച്ച് സഹായ സംഘത്തെ ഒപ്പം കൊണ്ടുവരാൻ ഷൂട്ടർമാർക്ക് അനുമതിയുണ്ട്. കാട്ടുപോത്തുകൾക്ക് 900 കിലോയോളം ഭാരം വരും.
എന്നാൽ വാഹനങ്ങളുടെയോ മൃഗങ്ങളുടെയോ സഹായമില്ലാതെ കാൽനടയായി വേണം അവയെ പിന്തുടർന്നു കൊല്ലാൻ. പരുക്കൻ പാറക്കൂട്ടങ്ങൾ നിറഞ്ഞ പ്രദേശത്തോ മഞ്ഞുവീഴ്ചയുള്ള ഭൂപ്രദേശങ്ങളിലാണ് പരിപാടി നടക്കുക.
യുഎസ് ദേശീയ ഉദ്യാനങ്ങളിൽ വേട്ടയാടൽ നിരോധിച്ചിരിക്കുന്നതിനാൽ ഇതിനെ “വേട്ട” എന്ന് തരം തിരിക്കുന്നില്ല. ഈ നടപടി അപകടകരമായ ഒരു മാതൃക കാണിക്കുമെന്ന് ചില പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.