ബന്തടുക്ക: രൂക്ഷമായ വേനലില്‍ കാട്ടിനുള്ളിലെ ജലസ്രോതസുകളും വറ്റിത്തുടങ്ങിയതോടെ വന്യമൃഗങ്ങള്‍ കുടിവെള്ളത്തിനായി നാട്ടിലിറങ്ങുന്നത് പതിവാകുന്നു.
ആനകള്‍ക്കു പിന്നാലെ കാട്ടുപോത്തുകളാണ് ഇപ്പോള്‍ കാസര്‍ഗോഡ് താലൂക്കിന്റെ മലയോര മേഖലകളില്‍ പതിവു കാഴ്ചയായി മാറുന്നത്.
വെള്ളത്തിനൊപ്പം ആഹാരവും തേടിയിറങ്ങുന്ന മൃഗങ്ങള്‍ കണ്ണില്‍ കണ്ടതെല്ലാം നശിപ്പിക്കുന്നത് കര്‍ഷകര്‍ക്ക് തലവേദനയായി മാറുന്നുണ്ട്.
മാസങ്ങളായി നാട്ടില്‍ തമ്പടിച്ചിരുന്ന ആനക്കൂട്ടത്തെ വനപാലകരും നാട്ടുകാരും ചേര്‍ന്ന് വേലി കടത്തിവിട്ടെങ്കിലും കൂട്ടംവിട്ട രണ്ട് ഒറ്റയാന്മാര് ഇപ്പോഴും ദേലംപാടി, കാറഡുക്ക, മുളിയാര്‍ പഞ്ചായത്തുകളിലെ വനാതിര്‍ത്തികളില്‍ തമ്പടിച്ചിട്ടുണ്ട്.
കാടിനുള്ളില്‍തന്നെ മൃഗങ്ങള്‍ക്ക് വെള്ളവും ആഹാരലഭ്യതയും ഉറപ്പുവരുത്തിയാല്‍ വേനല്‍ക്കാലത്ത് ഇവ നാട്ടിലിറങ്ങുന്നത് ഒരു പരിധിവരെ തടയാനാകുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
ഇക്കാര്യം കണക്കിലെടുത്ത് വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാടിനുള്ളില്‍ പലയിടത്തും തടയണകള്‍ നിര്‍മിച്ചിട്ടുമുണ്ട്.
എന്നാല്‍ കൃത്യമായ സ്ഥാനനിര്‍ണയം നടത്താതെ നിര്‍മിച്ച തടയണകള്‍ പലതും ചുരുങ്ങിയ കാലംകൊണ്ട് ഉപയോഗശൂന്യമാകുന്നതാണ് അനുഭവമെന്ന് നാട്ടുകാര്‍ പറയുന്നു.
പ്രായാധിക്യവും അവശതയും ബാധിച്ച കാട്ടുപോത്തുകളടക്കമുള്ള മൃഗങ്ങള്‍ നാട്ടിലെ ജലാശയങ്ങളില്‍ തളര്‍ന്നുകിടന്ന് ചാകുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
മൂന്നാഴ്ച മുമ്പ് പൈവളിഗെയിലെ സ്വകാര്യവ്യക്തിയുടെ കുളത്തിലും ഒരാഴ്ചമുമ്പ് കുറ്റിക്കോല്‍ പള്ളഞ്ചിയിലും കാട്ടുപോത്തിനെ ചത്തനിലയില്‍ കണ്ടെത്തിയിരുന്നു.
ബേത്തൂര്‍പാറ തീര്‍ഥക്കരയില്‍ പലവട്ടം ആറ്റിലും കുളത്തിലും വീണ കാട്ടുപോത്തിനെ നാട്ടുകാരും വനപാലകരും അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് കരയ്ക്ക് കയറ്റിയത്. ഇതിന്റെ രണ്ടുകണ്ണിനും കാഴ്ചയില്ലെന്നാണ് വനപാലകരുടെ നിഗമനം.
പ്രായാധിക്യമുള്ള കാട്ടുപോത്തുകള്‍ ജലാശയങ്ങള്‍ക്കു ചുറ്റും കറങ്ങിനടക്കുന്നത് പതിവാണെന്നും അവര്‍ പറയുന്നു.
പോത്ത് സ്വാഭാവികമരണത്തിന് കീഴടങ്ങുന്നതുവരെ വരുത്തുന്ന നാശനഷ്ടങ്ങളത്രയും തങ്ങളാണ് സഹിക്കേണ്ടിവരുന്നതെന്ന് കര്‍ഷകര്‍ ചൂണ്ടിക്കാട്ടുന്നു.