തിരുവനന്തപുരം: തമിഴ്നാട്ടിലെ തേനി കുരങ്ങണി മലയിലെ കാട്ടുതീയിൽ അകപ്പെട്ട് ട്രെക്കിംഗ് സംഘാംഗങ്ങൾ മരിക്കാനിടയായ സംഭവത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ദുഃഖം രേഖപ്പെടുത്തി.
കേരള അതിർത്തിയിലാണ് സംഭവമെന്ന് അറിഞ്ഞ ഉടൻ ഇടുക്കി ജില്ലാ കളക്ടർക്കും ജില്ലാ പോലീസ് സൂപ്രണ്ടിനും തമിഴ്നാട് സർക്കാറിന്റെ രക്ഷാപ്രവർത്തനത്തെ സഹായിക്കാൻ നിർദ്ദേശം നൽകിയിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തിന്റെ പശ്ചാത്തലത്തിൽ വനമേഖലയിൽ ട്രെക്കിംഗ് താത്ക്കാലികമായി നിരോധിക്കാൻ ദുരന്തനിവാരണ അഥോറിറ്റി എക്സിക്യൂട്ടിവ് യോഗം തീരുമാനിച്ചതായും അദ്ദേഹം പറഞ്ഞു.
വനമേഖലയിൽ തീ പടരാതിരിക്കാൻ ആവശ്യമായ മുൻകരുതൽ നടപടി സ്വീകരിക്കാൻ വനം വകുപ്പിനെ ചുമതലപ്പെടുത്തിയെന്നും വനത്തിനുള്ളിൽ താത്ക്കാലിക കുളങ്ങൾ ഉണ്ടാക്കി വന്യ ജീവികൾക്ക് കുടിവെള്ളം ഉറപ്പുവരുത്താനും തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.