ചെന്നൈ: കേരള-തമിഴ്നാട് അതിർത്തിയിലെ കുരങ്ങണി വനത്തിലെ കാട്ടൂതീ നിയന്ത്രണവിധേയമായി. വനംവകുപ്പിന്റെയും അഗ്നിശമനസേനയുടെയും നാട്ടുകാരുടെയും ഇടപെടലിലൂടെയാണ് തീ നിയന്ത്രണവേധയമാക്കാൻ കഴിഞ്ഞത്. സംഭവത്തിൽ പത്ത് പേർ മരിച്ചതായാണ് റിപ്പോർട്ട്. വനത്തിൽ കുടുങ്ങിക്കിടന്നിരുന്ന 25 ഓളം പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.
പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഇതോടെ മരണസഖ്യ ഉയർന്നേക്കുമെന്നാണ് ആശങ്ക. മലനിരയിൽ ഇനിയും നാലു പേർ കുടുങ്ങിക്കിടപ്പുണ്ടെന്ന വിവരത്തെ തുടർന്ന് വ്യോമസേനയും കമാൻഡോകളും തെരച്ചിൽ തുടരുകയാണ്. വനത്തിൽ കുടുങ്ങിയവരിൽ കോട്ടയം സ്വദേശിയും ഉൾപ്പെടുന്നതായി റിപ്പോർട്ടുകളുണ്ട്.
എട്ട് പുരുഷൻമാരും 26 സ്ത്രീകളും മൂന്നു കുട്ടികളുമാണ് ട്രക്കിംഗ് സംഘത്തിലുണ്ടായിരുന്നത്. കാട്ടുതീ പടരുന്ന പ്രദേശമായതിനാല്‍ ഇവിടേക്കുള്ള പ്രവേശനം നിരോധിച്ചിരുന്നു. സംഘം അനധികൃതമായി മല കയറിയതാണെന്നാണ് കരുതുന്നത്. രക്ഷാപ്രവർത്തനത്തിന് കേരളത്തിൽനിന്ന് കൂടുതൽ വനംവകുപ്പ് ഉദ്യോഗസ്ഥരും തേനിയിലെത്തിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിന് അടിയന്തര നടപടികള്‍ സ്വീകരിക്കാൻ വ്യോമസേനയ്ക്കു പ്രതിരോധ മന്ത്രി നിർമല സീതാരാമൻ നിർദേശം നൽകിയിരുന്നു. ജില്ലാ കലക്ടറുമായും രക്ഷാപ്രവര്‍ത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനു മന്ത്രി ചർച്ച നടത്തി.