മംഗലംഡാം: കാട്ടുവഴികളിലെ ചതിക്കുഴികളും ആനശല്യവും മലയോരങ്ങളിൽ അപകട പരന്പരകൾ നിത്യസംഭവമാകുന്നു. കഴിഞ്ഞ രാത്രി കുഞ്ചിയാർപ്പതിക്കടുത്ത് താമരകുളം വളവിൽ ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് ആദിവാസികളായ രണ്ട് പേർ മരിക്കാനിടയായതും വഴിയിലെ ഇത്തരം ചതിക്കുഴികൾ മൂലമാണ്.
ഉരുൾപൊട്ടലിൽ അടിയിലെ മണ്ണ് ഒലിച്ച് പോയി ഗുഹ പോലെയാണ് വഴിയുടെ അടിഭാഗം. ഇവിടെ വളവ് തിരിയാൻ പല തവണ ജീപ്പ് പുറകോട്ട് എടുക്കണം.ഇങ്ങനെ ജീപ്പ് പുറകോട്ട് എടുക്കുന്നതിനിടെയാണ് മണ്ണിടിഞ്ഞു ജീപ്പ് 50 അടി താഴ്ചയിലേക്ക് നിരവധി തവണ കരണം മറിഞ്ഞത്. രാത്രി സമയം കൂടിയായതിനാൽ അപകടത്തിന്റെ തീവ്രത കൂട്ടി.
ഇത്തരത്തിൽ കടപ്പാറ തളികകല്ല് ആദിവാസി കോളനി വഴിയിലും മണ്ണിടിഞ്ഞുള്ള അപകട സാധ്യതാ സ്ഥലങ്ങളുണ്ട്. പോത്തംതോട് കാട്ടുചോലക്ക് മുകളിലെ കുത്തനെയുള്ള കയറ്റത്തിൽ പുറമേക്ക് കാണുന്ന കോണ്ക്രീറ്റ് പാളികൾക്കടിയിൽ മണ്ണില്ല. ഇവിടെ വശം ചേർന്ന് വാഹനം പോയാൽ ഇടിഞ്ഞു വലിയ കൊക്കയിലേക്ക് മറിയും.
തിപ്പിലികയം ഭാഗത്തും ഇത്തരം അപകട കെണികളുണ്ട്. മലവെള്ളത്തിന്റെ കുത്തൊഴുക്കിലും മറ്റും ഉണ്ടാകുന്ന ഇത്തരം അപകട മുനന്പുകൾ യഥാസമയം റിപ്പയർ ചെയ്ത് സുരക്ഷിതമാക്കാത്തതാണ് ദുരന്തങ്ങൾക്ക് വഴിവെക്കുന്നത്.കഷ്ടിച്ച് ഒരു വാഹനത്തിന് മാത്രം പോകാവുന്ന വഴികളിൽ അപകട കുഴികളും കുത്തനെയുള്ള കയറ്റം കൂടിയാകുന്പോൾ പ്രാണനടക്കിപ്പിടിച്ച് വേണം പിന്നെ യാത്ര.
ഇതിനിടക്കാണ് ഈയടുത്ത കാലത്തായി വഴികളിലെല്ലാം രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ആനകൾ ഇറങ്ങി വാഹനങ്ങൾക്കുനേരെ പാഞ്ഞെത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു.കുഞ്ചിയാർപ്പതിയിൽ അടക്ക കയറ്റിവന്നിരുന്ന പിക്കപ്പ് വാനിന്റെ മുന്നിലേക്ക് ആന പാഞ്ഞെത്തി വാഹനം നിയന്ത്രണം വിട്ട് മറിഞ്ഞ സംഭവമുണ്ടായിട്ടുണ്ട്.
വഴിയിലെ വളവുകളിൽ ജീപ്പുകളും ഇത്തരത്തിൽ ആനകൾക്ക് മുന്നിൽപ്പെട്ട് അപകടങ്ങളുണ്ടാകുന്നതും നിത്യസംഭവമായി മാറുകയാണ്. ജനവാസ കേന്ദ്രങ്ങളിലും ഇപ്പോൾ ആന കൂട്ടങ്ങളാണ്.ഇതു വരെ കാടുപോലും കാണാത്തവർ വനപാലകരായി ജോലി കിട്ടി വരുന്നതിനാൽ വനത്തെക്കുറിച്ചോ വന്യമൃഗങ്ങളെക്കുറിച്ചോ അറിയുന്നില്ല.
ശല്യക്കാരാകുന്ന വന്യമൃഗങ്ങളെ ഉൾക്കാട്ടിലേക്ക് കയറ്റി വിടണമെന്ന ആവശ്യം ശക്തമാകുന്പോൾ ആദിവാസികളെ ചട്ടം കെട്ടിയാണ് ആനകളെ ഓടിക്കുന്നത്. സ്വകാര്യ ഭൂമി കയ്യേറി ജെണ്ട കെട്ടി ഭീഷണിപ്പെടുത്തൽ മാത്രമാണിപ്പോൾ വനപാലകരുടെ പ്രധാന പണിയെന്നാണ് ആക്ഷേപം.