അമേരിക്കൻ പോപ് ഗായിക കാറ്റി പെറിയെ ട്വിറ്ററിൽ പിന്തുടരുന്നവരുടെ എണ്ണം 10 കോടി പിന്നിട്ടു. ഇതാദ്യമായാണ് ഒരു ട്വിറ്റർ അക്കൗണ്ടിന് ഇത്രയധികം ഫോളോവേഴ്സിനെ കിട്ടുന്നത്. ഇത് ചരിത്ര മുഹൂർത്തമാണെന്ന് 32 കാരിയായ ഗായികയെ അഭിനന്ദിച്ച് ട്വിറ്റർ ഔദ്യോഗിക അക്കൗണ്ടിൽ നിന്നു ട്വീറ്റ് ചെയ്തു.
2009ലാണ് ഗായികയും ഗാനരചയിതാവുമായ കാറ്റി പെറി ട്വിറ്ററിൽ അക്കൗണ്ട് തുറക്കുന്നത്. ഇതുവരെ 8500 ട്വീറ്റുകളായി. താരത്തിന്റെ ട്വീറ്റുകളെ ഉൾപ്പെടുത്തി ഒരു വെബ്സൈറ്റ് വീഡിയോ പുറത്തിറക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവുമധികം വരുമാനമുള്ള ഗായികയായി ഫോബ്സ് മാസിക കാറ്റി പെറിയെ നേരത്തേ തിരഞ്ഞെടുത്തിരുന്നു.
കനേഡിയൻ ഗായകൻ ജസ്റ്റിൻ ബീബറാണു ട്വിറ്ററിൽ ഫോളോവേഴ്സിന്റെ എണ്ണത്തിൽ രണ്ടാമത്. 9.67 കോടിയാണു ട്വിറ്ററിൽ ബീബറെ പിന്തുടരുന്നവരുടെ എണ്ണം. മുൻ യുഎസ് പ്രസിഡന്റ് ബറാക് ഒബാമ, ഗായികമാരായ ടെയ്ലർ സ്വിഫ്റ്റ്, റിഹാന്ന എന്നിവരാണു യഥാക്രമം മൂന്നു മുതൽ അഞ്ചു വരെ സ്ഥാനത്ത്. ആദ്യ നൂറു സ്ഥാനങ്ങളിൽ ഗായകർ, കായിക താരങ്ങൾ, രാഷ്ട്രീയക്കാർ, അഭിനേതാക്കൾ തുടങ്ങിയവരാണ്.