കടുത്തുരുത്തി: മത്സ്യവിൽപനക്കാരിയെയും മകളെയും മദ്യലഹരിയിൽ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിൽ പിടികൂടിയ ശേഷം വിട്ടയച്ച പ്രതിയെ സംഭവം വിവാദമായതോടെ പോലീസ് അറസ്റ്റ് ചെയ്തു റിമാൻഡ് ചെയ്തു. മത്സ്യവിൽപനയ്ക്കുശേഷം രാത്രി വീട്ടിലേക്കു മടങ്ങുകയായിരുന്ന സ്ത്രീക്കും മകൾക്കും നേരേയാണ് ആക്രമണം ഉണ്ടായത്. കാണക്കാരി വട്ടുകുളം രഞ്ജിത്തി(34)നെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞമാസം 30നു രാത്രി 9.30-ന് കോതനല്ലൂർ ജംഗ്ഷനിലായിരുന്നു സംഭവം. കോതനല്ലൂരിൽ കക്കായിറച്ചി വിൽപന നടത്തുന്ന ടിവി പുരം സ്വദേശിയായ വീട്ടമ്മയും മകളും വ്യാപാരം കഴിഞ്ഞ് വീട്ടിലേക്കു പോകാൻ ബസ് കാത്തുനിൽക്കുന്പോഴാണ് രഞ്ജിത് ഇരുവരെയും ശല്യപ്പെടുത്തുകയും മർദിക്കുകയും ചെയ്തത്.
സംഭവത്തെക്കുറിച്ച് പരാതിക്കാർ പറയന്നതിങ്ങനെ: മദ്യലഹരിയിലായിരുന്ന രഞ്ജിത് വീട്ടിലേക്കു പോകാൻ നിന്ന സ്ത്രീക്കൊപ്പമുണ്ടായിരുന്ന പെണ്കുട്ടിയോട് അപമര്യാദയായി പെരുമാറി. മകളോട് മോശമായി പെരുമാറിയതു ചോദ്യം ചെയ്ത അമ്മയ്ക്കു നേരേ അസഭ്യവർഷം നടത്തിയ പ്രതി സ്ത്രീയെ തള്ളി റോഡിലിട്ടു. അമ്മയെ ഉപദ്രവിച്ചതോടെ സമീപത്തു നിൽക്കുകയായിരുന്ന പെണ്കുട്ടി പ്രതിയെ പിടിച്ചു തള്ളുകയും അടിക്കുകയുമായിരുന്നു.
ബഹളം കേട്ടു നാട്ടുകാർ ഓടിക്കൂടിയതോടെ പ്രതി സമീപത്തെ ബാറിലേക്ക് ഓടിക്കയറി. തുടർന്നു നാട്ടുകാർ അറിയിച്ചതനുസരിച്ചെത്തിയ കടുത്തുരുത്തി പോലീസ് പ്രതിയെ ബാറിൽ നിന്നു കസ്റ്റഡിയിലെടുത്തു. പ്രതിയെ സ്റ്റേഷനിലെത്തിച്ചെങ്കിലും തങ്ങളെ ആക്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്ത പ്രതിക്കു നേരേ ഗുരുതര വകുപ്പുകൾ ചുമത്തി കേസെടുക്കാനോ, അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കാനോ പോലീസ് തയാറായില്ലെന്നാണ് സ്ത്രീയുടെയും മകളുടെയും പരാതി.
എന്നാൽ അമ്മയ്ക്കും മകൾക്കും പരാതിയില്ലെന്ന് പറഞ്ഞുവെന്നും താക്കീത് ചെയ്തു വിട്ടയച്ചാൽ മതിയെന്ന നിലപാടായിരുന്നു ഇരുവർക്കുമെന്നും പോലീസ് പറയുന്നു. ഇതേത്തുടർന്നു താക്കീതു ചെയ്തശേഷം പൊതുസ്ഥലത്ത് മദ്യപിച്ചു ബഹളമുണ്ടാക്കിയ വകുപ്പിട്ട് കേസെടുത്തു പ്രതിയെ വിട്ടയയ്ക്കുകയായിരുന്നുവെന്നാണ് കടുത്തുരുത്തി പോലീസ് പറയുന്നത്.
തങ്ങൾക്കു നീതി കിട്ടണമെന്നും കേസുമായി മുന്നോട്ട് പോകുമെന്നു പറഞ്ഞിട്ടും പോലീസ് പ്രതിയെ സഹായിക്കകുയായിരുന്നുവെന്നാണ് പരാതിക്കാർ പറയുന്നത്. ഇതേത്തുടർന്നാണ് നീതി കിട്ടുന്നതിനായി വൈക്കം എഎസ്പിക്ക് പരാതി നൽകിയതെന്നും ആക്രമണത്തിനിരയായ പെണ്കുട്ടി പറഞ്ഞു.
സംഭവം വിവാദമായതോടെ ഉന്നത ഇടപെടലിനെത്തുടർന്ന് പരാതി കിട്ടി മണിക്കൂറുകൾക്കുള്ളിൽതന്നെ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.