കൊച്ചി: “ഈയൊരു പേപ്പറിനുവേണ്ടിയായിരുന്നു മരിക്കുവോളം എന്റെ ഭര്‍ത്താവിന്റെ അലച്ചില്‍. അതിനായി അദ്ദേഹം കയറിയിറങ്ങാത്ത ഓഫീസുകളില്ല.
അദ്ദേഹത്തിന്റെ വിയര്‍പ്പിന്റെ വിലയാണിത്’ -വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ സ്വന്തം ഭൂമിയില്‍മേല്‍ അവകാശം സ്ഥാപിച്ചു കിട്ടിയ പട്ടയരേഖ നെഞ്ചോടു ചേര്‍ത്ത് ചിറ്റാറ്റുകര എസ്സി കോളനി താമസക്കാരിയായ കണ്ണങ്കേരി കൗസല്യ ച്യോതി വിതുമ്പി.
പൊട്ടിപ്പൊളിഞ്ഞ വീട് ഇനിയൊന്നു പുതുക്കിപ്പണിയണമെന്ന ആഗ്രഹവും അവര്‍ പങ്കുവച്ചു.
ജില്ലാതല പട്ടയവിതരണമേള നടന്ന എറണാകുളം ടൗണ്‍ ഹാളായിരുന്നു വേദി. അച്ഛന്റെ ആയുസിന്റെ നല്ലഭാഗം പട്ടയത്തിനായുള്ള പോരാട്ടത്തിനാണ് ചെലവിട്ടതെന്നു മകന് രതീഷും പറഞ്ഞു.
പട്ടയത്തിനുവേണ്ടി അപ്പൂപ്പന് (ച്യോതിയുടെ അച്ചൻ) 60 വര്‍ഷം മുമ്പ് തുടങ്ങിവച്ച പോരാട്ടത്തിനാണ് മൂന്നാം തലമുറയിലെങ്കിലും പരിഹാരമായത്.
ച്യോതി 2007 ല്‍ വാഹനാപകടത്തില്‍ മരിച്ചശേഷം കൗസല്യയും മക്കളായ രതീഷും ജയേഷും പട്ടയത്തിനായുള്ള ശ്രമങ്ങള്‍ തുടര്‍ന്നു.
മണ്‍കട്ടകള്‍ തകര്‍ന്നു വീഴാറായ വീട്ടിൽ ഇളയമകന് ജയേഷിനൊപ്പമാണു കൗസല്യയുടെ താമസം. ആകെയുള്ള 10 സെന്റില്‍ മൂന്നര സെന്റ് മൂത്ത മകന് രതീഷിന് എഴുതിക്കൊടുത്തു.
സ്ഥലത്തിനു പട്ടയമില്ലാതിരുന്നതിനാല് രതീഷിനും വീടുപണി വിദൂരസ്വപ്നമായി. ഒരു കൊച്ച് ഷെഡ് പണിത് അതിലാണു താമസം.
ഇന്നലെ കൗസല്യക്കൊപ്പം രതീഷിന്റെ സ്ഥലത്തിനും പട്ടയം കിട്ടി. ആദ്യം അമ്മയ്ക്ക് വീട് പണിയണമെന്നാണ് ആഗ്രഹമെന്നു രതീഷ് പറയുന്നു.