തൃശൂർ: രണ്ടു ട്രെയിനുകൾ ഒരേ ട്രാക്കിലൂടെ വന്ന് കൂട്ടിയിടിക്കുന്നത് ഒഴിവാക്കാൻ കവച് എന്ന സുരക്ഷ സംവിധാനം കേരളത്തിലും ഒരുക്കാൻ റെയിൽവേ.
കേരളത്തിലെ ഏറ്റവും തിരക്കേറിയ റെയിൽ പാതയായ എറണാകുളം -ഷൊർണൂർ മേഖലയിൽ ഓട്ടോമാറ്റിക് സിഗ്നലിംഗിന് ഒപ്പം കവച് എന്ന സുരക്ഷാസംവിധാനവും ഒരുക്കാൻ റെയിൽവേ നടപടി തുടങ്ങി.
ഇതോടെ ഓട്ടോമാറ്റിക് സിഗ്നലിംഗിന് പുറമെ കവചും കേരളത്തിൽ ആദ്യമായി നടപ്പിലാക്കുന്ന മേഖലയായി മാറുകയാണ് 106 കിലോ മീറ്റർ ദൂരമുള്ള എറണാകുളം-ഷൊർണൂർ. 67.99 കോടി രൂപ മതിപ്പ് ചെലവിൽ പദ്ധതി നടപ്പാക്കാൻ ദക്ഷിണ റെയിൽവേയുടെ പോത്തന്നൂരിലുള്ള ഡെപ്യൂട്ടി ചീഫ് സിഗ്നൽ ആന്റ് ടെലി കമ്മ്യൂണിക്കേഷൻ എഞ്ചിനീയർ ദർഘാസുകൾ ക്ഷണിച്ചു.
ഒക്ടോബർ 24 ആണ് അവസാന തിയതി. 540 ദിവസമാണ് പദ്ധതി പൂർത്തീകരണത്തിനുള്ള കാലാവധിയായി കണക്കാക്കിയിരിയ്ക്കുന്നത്.