മങ്കൊന്പ്: റവന്യു, പൊതുമരാമത്ത് വകുപ്പുകളുടെ ചുവപ്പുനാടയിൽ കുരുങ്ങി കാവാലം തട്ടാശേരി പാലം. ബജറ്റിൽ തുകയനുവദിച്ച് രണ്ടുവർഷമാകുന്പോഴും സാങ്കേതിക തടസങ്ങൾ പറഞ്ഞ് പാലത്തിന്റെ നിർമാണം വൈകിക്കുന്നതിൽ നാട്ടുകാരുടെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ജൂണിൽ അതിർത്തി തിരിച്ച് കല്ലിട്ട് മാസങ്ങൾ കഴിഞ്ഞിട്ടും നടപടിയാകാത്തത് റവന്യു വകുപ്പിന്റെ അനാസ്ഥ മൂലമെന്നാണ് പൊതുമരാമത്ത് വകുപ്പിന്റെ ആക്ഷേപം.
എന്നാൽ ഏറ്റെടുക്കേണ്ട ഭൂമി സംബന്ധമായ രേഖകൾ നേരത്തെതന്നെ കൈമാറിയതാണെന്നാണ് റവന്യു വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നത്. മാസങ്ങൾ കഴിഞ്ഞിട്ടും ഏറ്റെടുക്കേണ്ട ഭൂമിയുടെ പരിസ്ഥിതി പഠനം പൂർത്തിയാകാത്തതാണ് നിലവിലെ നിശ്ചലാവസ്ഥയ്ക്കു കാരണമായി ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ നടന്ന ഭൂവുടമകളുടെ യോഗത്തിൽ സ്ഥലമേറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏകദേശ ധാരണായിരുന്നു.
കാവാലത്താറിന്റെ ഇരുകരകളിലുമായി 48 പേരുടെ ഭൂമിയാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. ഇതിൽ 32 പേർ നേരത്തെ തന്നെ സമ്മതപത്രം കൈമാറിയിരുന്നു. അവശേഷിക്കുന്ന സ്ഥലം കളക്ടറുടെ അധികാരമുപയോഗിച്ച് ഏറ്റെടുക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ഈ സ്ഥലം സംബന്ധിക്കുന്ന വിവരങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് റവന്യു വകുപ്പിന് കത്തു നൽകിയിരുന്നതായി പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു.
52 കോടി രൂപയാണ് പാലം നിർമാണത്തിനു ചെലവു പ്രതീക്ഷിക്കുന്നത്. കിഫ്ബിയിൽ നിന്നുള്ള ഫണ്ടുപയോഗിച്ചു നിർമിക്കുന്നതിനാൽ ബജറ്റു കാലാവധി കഴിഞ്ഞാലും തുക ലഭിക്കുന്നതിനു തടസമില്ലെന്നാണ് പൊതുമരാമത്ത് വകുപ്പധികൃതർ പറയുന്നത്. ഏറെ വൈകിയെങ്കിലും ഇപ്പോഴും ഈ തുകയുപയോഗിച്ച് പാലം നിർമാണം പൂർത്തിയാക്കാമെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം തകഴി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ എസ്.ബീഷ ദീപികയോട് പറഞ്ഞു.
ഭൂമി ലഭ്യതയുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചാൽ മാത്രമേ പാലത്തിനായുള്ള സാങ്കേതികാനുമതി, ടെണ്ടർ നടപടികൾ എന്നിവ നടക്കുകയുള്ളു. നാൽപതിലേറെ വർഷം മുൻപ് വിഭാവനം ചെയ്ത പള്ളിക്കൂട്ടുമ്മ നീലംപേരൂർ റോഡിന്റെ ഭാഗമാണ് തട്ടാശേരി പാലം.
അതിനുശേഷം അനുവദിച്ച പല പാലങ്ങളും പൂർത്തിയാകുകയോ, നിർമാണത്തിലിരിക്കുകയോ ആണ്. കുട്ടനാട്ടിലിന്ന് ഏറ്റവുമധികം ജനങ്ങൾക്കാവശ്യമായ പാലത്തിനായി ചെറുവിരലനക്കാൻ ജനപ്രതിനിധികൾ പോലും തയാറാകുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.