മങ്കൊന്പ്: കാവാലം തട്ടാശേരി പാലം നിർമാണത്തിന് മുന്നോടിയായുള്ള സാമൂഹിക പ്രത്യാഘാത പഠനത്തിന്റെ ഭാഗമായി ഭൂ ഉടമകളുടെ ഹിയറിംഗ് നടന്നു. കാവാലം ഗവ. എൽപി സ്കൂൽ നടന്ന യോഗത്തിൽ പാലത്തിനായി ഭൂമി വിട്ടു നൽകുന്നവരുടെ അഭിപ്രായങ്ങൾ രേഖാമൂലം എഴുതിവാങ്ങി. പഠനത്തിന് നിയോഗിക്കപ്പെട്ട സ്പ്രിംഗ് സൊലൂഷൻസ് സിഇഒ അബ്ദുള്ള ആസാദിന്റെ നേതൃത്വത്തിലാണ് അഭിപ്രായങ്ങളും ആക്ഷേപങ്ങളുമുള്ള ഭൂ ഉടമകളിൽനിന്ന് അവ സമാഹരിച്ചത്.
2013 ലെ ഭൂമി ഏറ്റെടുക്കാൻ പുനരധിവാസ നഷ്ടപരിഹാരം നിയമത്തിലൂടെ 185 സെന്റ് സ്ഥലം ഏറ്റെടുക്കാനുള്ള നടപടികളിലേക്കാണ് റവന്യൂ വിഭാഗം ഇനി കടക്കേണ്ടത്. വേഗത്തിൽ ഭൂമി ഏറ്റെടുത്ത് പരമാവധി നഷ്ടപരിഹാര തുക ലഭ്യമാക്കണമെന്ന് സമ്മതപത്രം നേരത്തെ നൽകിയിട്ടുള്ള ഭൂരിഭാഗം ഉടമകളും അഭിപ്രായപ്പെട്ടു. നേരത്തെ പാലത്തിന്റെ സ്ഥലമെടുപ്പിന് മാത്രമായി നാലുകോടി രൂപ കിഫ്ബിയിൽനിന്നും അനുവദിച്ചിരുന്നു. കുന്നുമ്മ വില്ലേജിൽ 75 സെന്റും കാവാലം വില്ലേജിൽ 110 സെന്റും ഭൂമിവീതം ഏറ്റെടുക്കാൻ നേരത്തെ ഭരണാനുമതിയാകുകയും ചെയ്തിരുന്നു.
2016 ലെ ബജറ്റിലാണ് പാലം നിർമാണത്തിനായി 30 കോടി രൂപ അനുവദിച്ചത്. പാലം നിർമിക്കേണ്ട പന്പയാർ, ദേശീയ ജലപാതയുടെ ഭാഗമായതിനാൽ ഉയരവും നീളവും വർധിപ്പിക്കേണ്ടി വന്നതോടെ, പുതിയ ഡിസൈൻ തയാറാക്കുകയും തുക 52.4 കോടിയാക്കി ഉയർത്തുകയും ചെയ്തിരുന്നു. അപ്രോച്ച് റോഡടക്കം 396.21 മീറ്ററുള്ള നീളത്തിൽ 12 സ്പാനുകളോടുകൂടിയാണ് പാലം നിർമിക്കുന്നത്.
കഴിഞ്ഞ ജൂലൈ 25 നാണ് സാമൂഹിക പ്രത്യാഘാത വിലയിരുത്തലിന് സ്പ്രിംഗ് സൊലൂഷനെ ജില്ലാ കലക്ടർ നിയോഗിച്ചത്. 21 ദവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നായിരുന്നു നിർദേശം. എന്നാൽ 30-നകം പഠന റിപ്പോർട്ട് കളക്ടർക്ക് കൈമാറുമെന്ന് സ്പ്രിംഗ് സൊല്യൂഷൻസ് അധികൃതർ പറഞ്ഞു.