കൽപ്പറ്റ: മേപ്പാടി പഞ്ചായത്തിലെ പുത്തുമലയിൽ 17 പേരുടെ മരണത്തിനു ഇടയാക്കിയ പച്ചക്കാട് ഉരുൾപൊട്ടലിനു ഇന്നേക്കു ഒരുവർഷം.
2019 ഓഗസ്റ്റ് എട്ടിനു വൈകുന്നരം 4.30നായിരുന്നു പച്ചക്കാട് ഉരുൾപൊട്ടൽ. മലമുകളിൽനിന്നു ആർത്തിരന്പിയെത്തിയ ഉരുൾവെള്ളം താഴ്വാരത്തെ പച്ചക്കാട് ഗ്രാമത്തെത്തന്നെ ഇല്ലാതാക്കി. പുത്തുമലയിൽനിന്നു ഏകദേശം മൂന്നര കിലോമീറ്റർ മാറിയാണ് ഇന്നലെ ഉരുൾ പൊട്ടലുണ്ടായ മുണ്ടക്കൈ മല.
പുത്തുമല ദുരന്തത്തിൽ മരിച്ചതിൽ അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെത്താനായില്ല. 18 ദിവസം നീണ്ട തെരച്ചലിൽ 12 മൃതദേഹങ്ങളാണ് കിട്ടിയത്. പുത്തുമല എസ്റ്റേറ്റ് കാന്റീനിലെ സഹായി എടക്കണ്ടത്തിൽ നബീസ(72), പുത്തുമല നാച്ചിവീട്ടിൽ അവറാൻ(68), കണ്ണൻകാടൻ അബൂബക്കർ(62), മുത്താറത്തൊടി ഹംസ(62), അണ്ണയ്യൻ(56) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്താൻ കഴിയാതിരുന്നത്.
ഉരുൾപൊട്ടലിനെത്തുടർന്നു പുത്തുമലയിൽ 11-12 അടി ഉയരത്തിലാണ് കല്ലും മണ്ണും മരക്കഷണങ്ങളും അടിഞ്ഞത്. കാണാതായവർക്കായി സൂചിപ്പാറ, നിലന്പൂർ അതിർത്തിവരെ വെള്ളപ്പാച്ചിൽ ഉണ്ടായ പ്രദേശങ്ങളിൽ തെരച്ചിൽ നടത്തിയിരുന്നു.
ഉരുൾപൊട്ടലിൽ പുത്തുമലയിലെ 95 കുടുംബങ്ങൾക്കാണ് വീടും സ്ഥലവും നഷ്ടമായത്. ഇതിൽ 10 കുടുംബങ്ങൾ സർക്കാർ വീടും സ്ഥലവും നശിച്ചവർക്കു പ്രഖ്യാപിച്ച 10 ലക്ഷം രൂപ സ്വീകരിച്ചു.
ബാക്കിയുള്ളതിൽ 52 കുടുംബങ്ങൾക്കായി മേപ്പാടി പഞ്ചായത്തിലെ പൂത്തകൊല്ലിയിൽ ഹർഷം എന്ന പേരിൽ പുനരധിവാസ പദ്ധതി നടപ്പിലാക്കിവരികയാണ്. മാതൃഭൂമി ചാരിറ്റബിൾ ട്രസ്റ്റ് വിലയ്ക്കു വാങ്ങി സ്നേഹഭൂമി എന്നു നാമകരണം ചെയ്തു ജില്ലാ ഭരണകൂടത്തിനു കൈമാറിയ ഏഴ് ഏക്കറിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
കാലിക്കട്ട് കെയർ ഫൗണ്ടേഷൻ, പീപ്പിൾസ് ഫൗണ്ടേഷൻ, ആക്ടോണ്, ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ, തണൽ ചാരിറ്റബിൾ ട്രസ്റ്റ്, എസ്വൈഎസ് എന്നിവയുടെ സഹകരണത്തോടെയാണ് പൂത്തകൊല്ലിയിൽ വീടുകളുടെ നിർമാണം. ഇതിനകം 10 വീടുകളുടെ പ്രവൃത്തി തുടങ്ങി.
ഈ വർഷാവസാനത്തോടെ മുഴുവൻ വീടുകളുടെയും നിർമാണം പൂർത്തിയാക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ പദ്ധതി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഹർഷം പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം ജൂണ് 23നു വീഡിയോ കോണ്ഫറൻസിംഗിലൂടെ നിർവഹിച്ചത്.
കവളപ്പാറ ദുരന്തത്തിനും ഒരാണ്ട്
മലപ്പുറം: കവളപ്പാറ ദുരന്തത്തിനു ഒരാണ്ട്. ദുരന്തസ്മരണകളിൽ നിന്നു മുക്തമാകാതെ മലയോര ജനത. കഴിഞ്ഞ ഓഗസ്റ്റ് എട്ടിനു രാത്രി ഏഴരയോടെയാണ് പോത്തുകൽ പഞ്ചായത്തിലെ കവളപ്പാറയിലെ മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടലുണ്ടായത്.
കുന്നിൻ താഴ്വരയിൽ അധിവസിച്ചിരുന്ന കവളപ്പാറയിലെ പട്ടികവർഗ കോളനിയടക്കമുള്ള നാൽപ്പതോളം കുടുംബങ്ങളുടെ സ്വപ്നങ്ങളാണ് ഒരു നിമിഷംകൊണ്ടു ഇല്ലതായത്.
ദുരന്തത്തിൽ 59 പേരാണ് മരിച്ചത്. 19 ദിവസത്തെ ദുഷ്കരമായ രക്ഷാദൗത്യത്തിൽ നാൽപ്പത്തിയെട്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെടുക്കാനായി. പതിനൊന്ന് മൃതദേഹങ്ങൾ കണ്ടെടുക്കാനാകാത്ത വേദനയോടെയാണ് രക്ഷാസേന ദുരന്തഭൂമിയിൽ നിന്നു പിൻവാങ്ങിയത്.
ദുരന്തത്തിൽ കാണാതായവരുടെ ബന്ധുക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്തായിരുന്നു തെരച്ചിൽ അവസാനിപ്പിച്ചത്. എന്നാൽ, അവരെയും മരിച്ചവരായി കണ്ടത്തെി അവരുടെ ബന്ധുക്കൾക്കു നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു.
59 പേർ മരിച്ചതിൽ 35 പേർക്ക് ഒരു മാസത്തിനകം തന്നെ നഷ്ടപരിഹാരമായ നാലു ലക്ഷം രൂപ വീതം നൽകി. തുടർന്നുള്ള മാസങ്ങളിൽ ബാക്കിയുള്ള കുടുംബങ്ങൾക്കും നടപടിക്രമങ്ങൾ പൂർത്തിയാക്കി പണം കൈമാറി.
കവളപ്പാറ ദുരന്തത്തിൽ ഭൂമിയും വീടും നഷ്ടമായ 67 കുടുംബങ്ങൾക്കു സ്ഥലം വാങ്ങാൻ ആറു ലക്ഷം വീതം 4.02 കോടിയും 94 ഗുണഭോക്താക്കൾക്ക് വീട് നിർമിക്കാൻ നാലു ലക്ഷം എന്ന തോതിൽ 3.76 കോടിയും അനുവദിച്ച് മന്ത്രിസഭ യോഗം അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 36 പേർ സ്വന്തമായി സ്ഥലം കണ്ടത്തെിയിട്ടുണ്ട്.
പോത്തുകൽ ടൗണിലെ ഓഡിറ്റോറിയത്തിൽ കഴിയുന്ന കവളപ്പാറ പട്ടികവർഗ കോളനിയിലെ കുടുംബങ്ങൾക്ക് ഭൂമി വാങ്ങുന്നതിനും വീടിനുമുള്ള നടപടികളുമായി. ഇവർക്കു ഭൂമിയും വീടിനുമായി പത്തു ലക്ഷം രൂപ വീതം ഓരോ കുടുംബത്തിനും നൽകും.
അനുയോജ്യമായ സ്ഥലം ഉപ്പട ആനക്കല്ലിൽ കണ്ടെത്തിയിട്ടുമുണ്ട്. നിലവിൽ ഇവർ വസിക്കുന്ന ഓഡിറ്റോറിയത്തിന് 35,000 രൂപയാണ് സർക്കാർ പ്രതിമാസം വാടകയിനത്തിൽ ചെലവഴിക്കുന്നത്. ഇതിനു പുറമെ ബയോഗ്യാസ് സംവിധാനത്തിലുള്ള ശുചിമുറി സൗകര്യത്തിനു മാസംതോറും 36,000 രൂപയും നൽകുന്നു.