
തിരുവനന്തപുരം: മലപ്പുറം കവളപ്പാറയിൽ 2019ലെ പ്രളയത്തെത്തുടർന്നുണ്ടായ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ എന്നിവ മൂലം വീടും സ്ഥലവും നഷ്ടപ്പെട്ട 462 കുടുംബങ്ങൾക്ക് വീടിന് സ്ഥലം വാങ്ങുന്നതിന് ആറു ലക്ഷം രൂപ വീതം സർക്കാർ അനുവദിച്ചു.
27.72 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഇതിനായി അനുവദിച്ചത്. വീടും സ്ഥലവും നഷ്ടപ്പെട്ടവർ, പുഴ ഗതിമാറിയതിനെ തുടർന്ന് വാസയോഗ്യമല്ലാതായവർ, ജിയോളജി ടീം മാറ്റിപ്പാർപ്പിക്കുന്നതിന് ശിപാർശ ചെയ്ത കുടുംബങ്ങൾ എന്നിവർക്കു വീട് വയ്ക്കാൻ അനുയോജ്യമായ സ്ഥലം വാങ്ങുന്നതിനാണ് തുക അനുവദിച്ചത്.