വടക്കഞ്ചേരി: കവളപ്പാടത്ത് ബിജെപി നിയോജകമണ്ഡലം സെക്രട്ടറി ഷിബുവിനെ (38) വെട്ടി മാരകമായി മുറിവേല്പിച്ച കേസിലെ യഥാർഥ പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും അറസ്റ്റുചെയ്യാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകർ വടക്കഞ്ചേരി പോലീസ് സ്റ്റേഷനിലേക്കു മാർച്ച് നടത്തി.
രാവിലെ പത്തിനു പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നും സമരപരിപാടികൾ തുടങ്ങി. കഴിഞ്ഞ ഏപ്രിൽ രണ്ടിനു രാത്രിയാണ് വീട്ടുമുറ്റത്ത് ഷിബുവിന് വെട്ടേറ്റത്. ഇതുമായി ബന്ധപ്പെട്ട് നാലു സിപിഎം, എസ്എഫ്ഐ പ്രവർത്തകരെ നാലുദിവസത്തിനുശേഷം അറസ്റ്റുചെയ്തിരുന്നു.
എന്നാൽ സംഭവത്തിലെ യഥാർഥ പ്രതികളെ മാറ്റി നിർത്തി പോലീസിന്റെ അന്വേഷണം അട്ടിമറിച്ചെന്നായിരുന്നു ആരോപണം. യഥാർഥ പ്രതികളെ 15 ദിവസത്തിനുള്ളിൽ പിടികൂടുമെന്ന് ജില്ലാ പോലീസ് സൂപ്രണ്ട് ഏപ്രിൽ 13ന് വടക്കഞ്ചേരി പോലീസ് സ്റ്റേഷന്റെ പ്രവർത്തനം തടസപ്പെടുത്തിയ ബിജെപി, ആർഎസ്എസ് പ്രവർത്തകർക്ക് ഉറപ്പുനല്‍കിയിരുന്നെങ്കിലും ഇതിനിടയിൽ എസ്ഐ മുതൽ ഡിവൈഎസ്പി വരെയുള്ളവരെ സ്ഥലംമാറ്റി കേസന്വേഷണം മരവിപ്പിക്കുകയായിരുന്നെന്നാണ് ബിജെപി കുറ്റപ്പെടുത്തുന്നത്.