എടക്കര: കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇന്നലെയും ഇന്നു രാവിലെയുമായി അഞ്ചു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. ഇന്നലെ മൂന്നു മൃതദേഹങ്ങളാണ് പുറത്തെടുത്തത്. നാഗേരിപറന്പിൽ സുകുമാരൻ (61), ഭാര്യ രാധാമണി (52), സൂത്രത്തിൽ നാരായണന്റെ ഭാര്യ കമല (50) എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്.
ഇന്നു രാവിലെ ഒന്‍പതരയോടെ രണ്ടു പേരുടെ കൂടി മൃതദേഹങ്ങൾ ലഭിച്ചു. ഇതോടെ 35 പേരുടെ മൃതദേഹങ്ങളാണ് ഇന്നു രാവിലെ പത്തരെ വരെയുള്ള തെരച്ചിൽ കണ്ടെത്താനായത്.
ഇനി 24 പേരുടെ മൃതദേഹങ്ങളാണ് ജില്ലാഭരണകൂടത്തിന്റെ കണക്കനുസരിച്ചു കിട്ടാനുള്ളത്. പതിനഞ്ച് മണ്ണുമാന്തിയന്ത്രങ്ങളാണ് തെരച്ചിലിനു ഉപയോഗപ്പെടുത്തുന്നത്. ഇതിനിടെ ചില യന്ത്രങ്ങൾക്കു തകരാർ നേരിട്ടതിനെത്തുടർന്നു പുതിയ യന്ത്രങ്ങൾ എത്തിച്ചിട്ടുണ്ട്.
നാടുകാണിച്ചുരത്തിൽ നിർമാണ പ്രവൃത്തികൾ നടത്തുന്ന ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയുടെ നാലു യന്ത്രങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം മുത്തപ്പൻമലയിൽ കോടമഞ്ഞ് മൂടിയതിനാൽ വൈകിട്ട് ആറരയോടെ തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. ഇന്നു മഴ ഏറെകുറെ മാറിയ അവസ്ഥയാണ്.