നിലന്പൂർ: ഇന്നു മുതൽ നിലന്പൂരിൽ അനാവശ്യമായി വരുന്ന വാഹനങ്ങൾ തടഞ്ഞു കേസെടുക്കുമെന്നു നിലന്പൂർ പോലീസ് ഇൻസ്പെക്ടർ സുനിൽ പുളിക്കൽ അറിയിച്ചു. ഉരുൾപൊട്ടലുണ്ടായ പോത്തുകൽ കവളപ്പാറയിലേക്കു ഒട്ടേറെ വാഹനങ്ങളാണ് ജില്ലയ്ക്കകത്തു നിന്നും പുറത്തുനിന്നുമായി കാഴ്ചക്കാരായി എത്തുന്നത്.
ഇതു ദുരന്തസ്ഥലത്തെ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. വാഹനത്തിരക്കു കാരണം ദുരന്തസ്ഥലത്തു നിന്നു കണ്ടെത്തുന്ന മൃതദേഹങ്ങൾ മോർച്ചറിയിലെത്തിക്കുന്നിതനും മറ്റു അടിയന്തരാവശ്യങ്ങൾക്കും പ്രദേശത്തു വാഹനതിരക്ക് അനുഭവപ്പെടുന്നുണ്ട്.
അതിനാൽ ദുരന്തസ്ഥലം കാണാനായി ആരും ഇവിടെ പ്രവേശിക്കേണ്ടെന്നും സഹായത്തിനായി വരുന്ന വാഹനങ്ങൾക്കു തടസമില്ലെന്നും പോലീസ് അറിയിച്ചു. ദുരന്തസ്ഥലത്തേക്കു അനാവശ്യമായി പൊതുജനങ്ങൾ പ്രവേശിക്കരുതെന്നു കഴിഞ്ഞദിവസം മലപ്പുറം കളക്ടറും ഉത്തരവു പുറപ്പെടുവിച്ചിരുന്നു.