എടക്കര: ചെളി മണ്ണിൽ പൂണ്ടുകിടക്കുന്ന മൃതശരീരങ്ങൾ യന്ത്രത്തിന്റെ കൊട്ടയിൽ കോരയെടുക്കുന്പോൾ മനസ് മരവിക്കുന്ന അവസ്ഥ. മനംപുരട്ടുന്ന അഴുകിയ മൃതദേഹങ്ങളുടെ ഗന്ധം, യന്ത്രക്കൈകളിൽ കോരിയെടുക്കുന്ന അഴുകിയ മൃതദേഹങ്ങൾ വേർപെട്ട് പോകരുതേയെന്ന പ്രാർഥന. കവളപ്പാറ ദുരന്തഭൂമിയിൽ കാണാതായവർക്കായി തെരച്ചിൽ നടത്തുന്ന മണ്ണുമാന്തി യന്ത്രങ്ങളുടെ ഓപ്പററേറ്റർമാർക്കു ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യത്തിൽ ജോലി ചെയ്യേണ്ടിവന്നത്.
കുന്നുംമലകളും ഇടിച്ചു നിരത്തി വൻ പ്രവൃത്തികൾ ചെയ്തിട്ടുണ്ടെങ്കിലും പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ബന്ധുക്കളുടെ കണ്മുന്നിൽ കരുളുരുകുന്ന കാഴ്ചകളുമായി ജോലി ചെയ്യേണ്ട സാഹചര്യം. പലപ്പോഴും മനസും ശരീരവും തളരുന്ന അവസ്ഥ.
പ്രതികൂല കാലാവസ്ഥയിൽ അപകടം നിറഞ്ഞിരിക്കുന്ന ദുരന്തമുഖത്ത് ജീവൻപണയപ്പെടുത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന മണ്ണുമാന്തിയന്ത്രത്തിന്റെ ഓപ്പറേറ്റർമാർ പലരും ജീവിതത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു സാഹചര്യം നേരിടുന്നത്. പതിനഞ്ചേിലേറെ ഹിറ്റാച്ചി യന്ത്രങ്ങളാണ് കവളപ്പാറയിൽ കാണാതായവർക്കായി തെരച്ചിൽ നടത്തുന്നത്.
ഉൗരാളുങ്കൽ ലേബർ സൊസൈറ്റിയുടെയും മലപ്പുറത്തിനടുത്തു ഇരുപത്തിയേഴിലെ അൽ ജബൽ എർത്ത് മൂവേഴ്സിന്റേതും പ്രാദേശിക എർത്ത് മൂവേഴ്സുമാണ് ഇവിടെ തെരച്ചിൽ നടത്തുന്നത്. ദുരന്തം നടന്നതിന്റെ പിറ്റേ ദിവസം മുതർ ഇവർ ദുരന്ത ഭൂമിയിൽ കർമനിരതരാണ്.
അൽ ജബൽ എർത്ത് മൂവേഴ്സ് മലപ്പുറം കോട്ടക്കുന്നിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽപെട്ട മാതാവിനെയും മക്കളെയും മണ്ണിനടിയിൽ നിന്നെടുത്ത ശേഷമാണ് കവളപ്പാറയിലെത്തിയത്. പന്ത്രണ്ട് ദിവസത്തെ തെരച്ചിലിൽ പതിനൊന്ന് മൃതദേഹങ്ങളാണ് ഈ സംഘം കണ്ടെത്തിയത്.
തമിഴ്നാട് ധർമപുരം സ്വദേശിയായ ഹിറ്റാച്ചി ഓപ്പറേറ്റർ പെരുമാൾ ആറു മൃതദേഹങ്ങാണ് കണ്ടെടുത്തത്. തഞ്ചാവൂർ സ്വദേശി സുഭാഷ്, മലപ്പുറം സ്വദേശി ഇയ, ശെൽവം, വിപിൻ, ഷെമിർ തുടങ്ങിയവരാണ് സംഘത്തിലെ മറ്റു ഓപ്പറേറ്റർമാർ.
ഓഫീസ് മാനേജരായ സമീറലിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണിവിടെ ക്യാന്പ് ചെയ്ത് തെരച്ചിൽ നടത്തുന്നത്. മൃതദേഹങ്ങൾ കണ്ടെടുക്കുന്ന ഹിറ്റാച്ചി ഓപ്പറേറ്റർമാക്കു ഫയർ ആൻഡ്് റസ്ക്യൂവിലെ ഉദ്യോഗസ്ഥർ പ്രത്യേക ക്ലാസുകൾ നൽകിയാണ് തെരച്ചിലിനു അയയ്ക്കുന്നത്.
എങ്കിലും മൃതദേഹങ്ങൾ കാണുന്പോൾ ഇവരുടെ മനോധൈര്യം ചോർന്നു പോകുന്നു. ഇവരെ മാറ്റി വേറെ ഓപ്പറേറ്റർമാരെയാണ് പിന്നീട് മൃതദേഹം പുറത്തെടുക്കാൻ നിയോഗിക്കുക. മനംപിരട്ടലും ഛർദിയുമുണ്ടായി പലരും അവശരാകുന്നുമുണ്ട്. ആവശ്യത്തിനു ഡീസൽ, താമസിക്കാനുള്ള സൗകര്യങ്ങൾ, മറ്റു എല്ലാവിധ സൗകര്യങ്ങളും അധികൃതർ തങ്ങൾക്കു നൽകുന്നുണ്ടെന്ന് അൽ ജബൽ ഓഫീസ് മാനേജർ സമീറലി പറയുന്നു.