കവളപ്പാറയിൽ വൻ ഉരുൾപൊട്ടൽ! മുപ്പതോളം വീടുകൾ മണ്ണിനടിയില്‍; അൻപതോളം പേരെ കാണാനില്ലെന്ന് സംശയം; സംഭവം വ്യാഴാഴ്ച രാത്രി, പുറംലോകമറിയുന്നത് ഇന്ന് ഉച്ചയോടെ

മലപ്പുറം: ജില്ലയിലെ മലയോര മേഖലയായ കവളപ്പാറയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ അൻപതോളം പേരെ കാണാതായതായി സംശയം. പ്രദേശത്തെ മുപ്പതോളം വീടുകൾ മണ്ണിനടിയിലാണ്. ഈ വീടുകളിലെ ആളുകളെയാണ് കാണാതായിരിക്കുന്നത്. ഇവർ ബന്ധുവീടുകളിലോ സമീപപ്രദേശങ്ങളിലോ എത്തിയിട്ടില്ല. പ്രദേശത്തെ ആളുകൾ നിരവധി സ്ഥലങ്ങളിൽ ഇവരെ അന്വേഷിച്ചെങ്കിലും വിവരമൊന്നും ലഭിച്ചിട്ടില്ല.

വ്യാഴാഴ്ച രാത്രി എട്ടോടെയാണ് ഉരുൾപൊട്ടലുണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്. എന്നാൽ ഇന്ന് ഉച്ചയോടെയാണ് വിവരം പുറംലോകമറിയുന്നത്. പ്രദേശത്ത് എഴുപതോളം വീടുകളുണ്ടായിരുന്നു. ഇതിൽ മുപ്പതോളമാണ് മണ്ണിനടിയിലായത്.

ഈ പ്രദേശം മുഴുവൻ മണ്ണുമൂടിയ അവസ്ഥയിലാണ്. ബോട്ടക്കല്ല് പാലത്തിൽ ഗതാഗത തടസമുണ്ടായതോടെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർക്കും എത്തിപ്പെടാൻ സാധിക്കാത്ത സ്ഥിതിയാണ്.

Related posts