ഷൊർണൂർ: മറ്റൊരു ഗ്രന്ഥശാലാദിനം കൂടി കടന്നു പോകുന്പോൾ മഹാത്മജിയുടെ പാദസ്പർശമേറ്റ പുണ്യവുമായി ഇവിടെയൊരു വായനശാല. ഒരു നൂറ്റാണ്ടിലേറെ കാലത്തെ തലമുറകളുടെ സ്മരണകൾ ഏറ്റുവാങ്ങി, കാലപ്പഴക്കത്തെ അതിജീവിച്ചാണ് കവളപ്പാറ കൊട്ടാര മണ്ണിൽ യശസുയർത്തി ഈ വായനശാല കെട്ടിടമുള്ളത്.
1200 ഓളം ചതുരശ്രയടിയുള്ള ഈ ഗ്രന്ഥശാല നാട്ടുരാജ്യ ഭരണതലവനായിരുന്ന കവളപ്പാറ മൂപ്പിൽ നായർ നിർമ്മിച്ചതാണ്. മദിരാശി സർക്കാറിന്റെ സഹകരണത്തോടെ മൂപ്പിൽ നായർ സമാഹരിച്ച 700 മലയാള പുസ്തകങ്ങളും 300 ഇംഗ്ലീഷ് പുസ്തകങ്ങളുമടക്കം 1000ത്തോളം പുസ്തകങ്ങളുമായി തുടങ്ങിയ ഗ്രന്ഥശാലയിൽ ഇന്ന് വിവിധ ഭാഷകളിലായി 5000ത്തോളം പുസ്തകങ്ങളുണ്ട്.
വായനശാലക്ക് ആവശ്യമായ അലമാരകൾ, കസേരകൾ, മേശകൾ, ബെഞ്ചുകൾ തുടങ്ങിയ സാമഗ്രികൾക്ക് പുറമേ, ഫുട്ബോൾ, ടേബിൾ ടെന്നീസ്, റൗണ്ടേഴ്സ് എന്നിവക്കുള്ള ഉപകരണങ്ങളും നൽകിയ മൂപ്പിൽ നായർ, അക്കാലത്തെ ജനത കേട്ടുകേൾവി പോലുമില്ലാത്ത ഒരു ജിംനേഷ്യവും സ്ഥാപിച്ചിരുന്നുവെന്നതാണ് അപൂർവ്വ സവിശേഷത.
സ്വാതന്ത്ര്യ സമരകാലത്ത് ധാരാളം യോഗങ്ങൾ നടന്നിരുന്ന വായനശാലയിൽ ബ്രിട്ടീഷുകാരായ പല കളക്ടർമാരും സന്ദർശിക്കുകയും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സന്ദർശന പുസ്തകത്തിൽ രേഖപ്പെടുത്തുകയും ചെയ്തത് ചരിത്രം. 1933ൽ മഹാത്മാ ഗാന്ധിക്കും കേരള ഗാന്ധി കെ.കേളപ്പനും ഉജ്വല സ്വീകരണമാണ് ദേശ സ്നേഹികളായ നാട്ടുകാർ വായനശാലയിൽ നൽകിയത്.
1964ൽ നായർ സർവീസ് സൊസൈറ്റിയുടെ സ്ഥാപകനും നവോഥാന നായകനുമായ മന്നത്ത് പദ്മനാഭൻ, കവളപ്പാറ കൊട്ടാരം ഒരുക്കിയ സ്വീകരണത്തിൽ പങ്കെടുത്തും ഈ വായനശാല സന്ദർശിച്ചതും മറ്റൊരു ചരിത്രം. പാലക്കാട് ജില്ലയിലെ തന്നെ ഏറ്റവം വലിയ റഫറൻസ് ലൈബ്രറിയായിരുന്ന ഈ വായനശാല, ഗ്രന്ഥശാല സംഘം രൂപീകരിച്ചതോടെ അതിൽ അഫിലിയേറ്റ് ചെയ്തു.
വായനയിൽ വസന്തം വിരിയിച്ച കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച, പുതുവാളിൽ നാരായണ പണിക്കർ എന്ന പി.എൻ.പണിക്കർ ഇവിടം സന്ദർശിച്ച് മടങ്ങിയത്, നിറമനസോടെയെന്ന് സന്ദർശന പുസ്തകത്തിൽ വായിക്കാമായിരുന്നു.
2007ൽ നാട്ടുകാരുടെ സഹായത്തോടെ അറ്റകുറ്റ പണികൾ തീർത്ത ഈ വായനശാലയിൽ നൂറോളം പേർക്കിരിക്കാവുന്ന വലിയ ഹാളുമുണ്ട്.