മലപ്പുറം: കവളപ്പാറ ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തെരച്ചിൽ താത്കാലികമായി അവസാനിപ്പിക്കുന്നു. പോത്തുകല്ലിൽ ചേർന്ന സർവകക്ഷിയോഗത്തിലാണ് തീരുമാനം കൈക്കൊണ്ടത്.
കാണാതായവരുടെ ബന്ധുക്കളുടെ കൂടി അഭിപ്രായം കണക്കിലെടുത്താണു ചൊവ്വാഴ്ചയോടെ തെരച്ചിൽ അവസാനിപ്പിക്കുന്നത്. മഴ മാറിയ ശേഷം രണ്ടാഴ്ച കഴിഞ്ഞു മൃതദേഹങ്ങൾ കണ്ടെത്താൻ സാധ്യതയുള്ള സ്ഥലങ്ങളിൽ വീണ്ടും തെരച്ചിൽ നടത്തും. ഇനി കണ്ടെത്താനുള്ളവരെ മരിച്ചവരുടെ ഗണത്തിൽ ഉൾപ്പെടുത്തി ഇവരുടെ കുടുംബങ്ങൾക്കു എല്ലാവിധ ആനുകൂല്യങ്ങളും ലഭ്യമാക്കുമെന്നു മലപ്പുറം ജില്ലാ കളക്ടർ ജാഫർ മാലിക് പറഞ്ഞു.
പ്രദേശത്തു മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ മണ്ണുമാന്തി യന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ കഴിയുന്നില്ല. ദുരന്തഭൂമിയുടെ 90 ശതമാനത്തിലേറെ ഭാഗത്തു തെരച്ചിൽ നടത്തിക്കഴിഞ്ഞു. കവളപ്പാറ തോടിന്റെ ഒരു ഭാഗത്തു മാത്രമാണ് ഇനി തെരച്ചിൽ നടത്താനുള്ളത്. വെള്ളവും മണ്ണും ചെളിയും ചേർന്നു ഇവിടെ പ്രവൃത്തി നടത്തുക അതീവ ദുഷ്കരമാണ്.
മുപ്പതടിയിലേറെ ആഴത്തിലാണു മൃതദേഹങ്ങൾ കിടക്കുന്നത്. ദുരന്തമുണ്ടായി 17 ദിവസം പിന്നിട്ടതിനാൽ ഇനി മൃതദേഹങ്ങൾ കണ്ടെത്താനുള്ള സാധ്യത കുറവാണെന്നും കണ്ടെത്തിയാൽത്തന്നെ തിരിച്ചറിയാൻ പ്രയാസമാകുമെന്നും യോഗം വിലയിരുത്തി.
ദുരന്തത്തിൽ 59 പേരെയാണു കാണാതായത്. ഇതിൽ 48 പേരുടെ മൃതദേഹങ്ങൾ വിവിധ ദിവസങ്ങളിലായി കണ്ടെത്തി. 11 പേരയൊണ് ഇനി ദുരന്തഭൂമിയിൽനിന്നു കണ്ടെടുക്കാനുള്ളത്.