കോട്ടയം: കിടങ്ങൂർ കാവാലിപ്പുഴ കടവിനെ സിനിമയിലും എടുത്തു. കാവാലിപുഴ കടവ് മിനിബീച്ചിന്റെ ഭംഗി അഭ്രപാളിയിലൂടെ കാണാൻ ആഗ്രഹിച്ചിരുന്ന നിരവധി ആളുകൾക്ക് സ്വപ്ന സാക്ഷാത്കാരമായി സംവിധായകൻ ജയരാജിന്റെ പുതിയ ചിത്രമായ പ്രകാശം പരത്തുന്ന ഒരു പെണ്കുട്ടി എന്ന സിനിമയിലാണ് കോട്ടയം ജില്ലയുടെ സ്വന്തം ബീച്ച് എന്നു വിശേഷിപ്പിക്കാവുന്ന ഗ്രാമീണ വിനോദ സഞ്ചാര കേന്ദ്രം കൂടിയായ കാവാലിപ്പുഴ കടവ് സിനിമയിലെത്തുന്നത്.
ലൊക്കേഷൻ സന്ദർശിക്കാനായി സംവിധായകൻ ജയരാജും മികച്ച കാമറമാനുള്ള ദേശീയ അവാർഡ് നേടിയ നിഖിൽ എസ്.പ്രവീണും ഇന്നലെ കാവാലിപ്പുഴ കടവിലെത്തിയിരുന്നു.
ലൊക്കേഷൻ വളരെ ഇഷ്്ടമായ സംവിധായകൻ ജയരാജ് ഉടൻ ഷൂട്ടിംഗിനായി എത്തുമെന്നും അറിയിച്ചു. കോവിഡ് നിയന്ത്രണങ്ങൾ മാറികഴിഞ്ഞാൽ ഉടൻ ഷൂട്ടിംഗ് തുടങ്ങും. പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന സിനിമയിലെ ഗാനങ്ങൾ ഉൾപ്പെടെയുള്ള രംഗങ്ങൾ ഇവിടെ ചിത്രീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.
പ്രളയകാലത്ത് മീനച്ചിലാറിന്റെ തീരത്ത് പ്രകൃതി ഒരുക്കിയ മണൽതിട്ടയാണ് കാവാലിപ്പുഴ കടവ്. 200 മീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലുമായി അരയേക്കറോളം ഭാഗത്ത് പഞ്ചസാര മണൽ അടിഞ്ഞു കൂടിയിരിക്കുകയാണ്. ഇതാണ് കാവാലിപ്പുഴ കടവിനെ മിനി ബീച്ചാക്കി മാറ്റിയത്.