കോട്ടയം: പ്രകൃതി ഒരുക്കിയ മണൽതിട്ടയിൽ കോട്ടയത്തിനു സ്വന്തമായ ബീച്ച്. കാവാലി പുഴക്കടവ് ഇനി മനോഹരം. കിടങ്ങൂരിൽ മീനച്ചിലാറിന്റെ തീരത്തുള്ള ഈ കടവ് മാലിന്യങ്ങൾ കുമിഞ്ഞു കൂടിയ നിലയിലായിരുന്നു.
ഇതു ശൂചീകരിക്കണമെന്ന ആവശ്യം പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകനായ രമേഷ് കിടങ്ങൂർ പാലാ പയനിയർ ക്ലബിന്റെ മുന്നിൽ വച്ചതോടെ അംഗങ്ങൾ ഒറ്റ ദിവസത്തെ ജോലികളിലൂടെ കാവാലി പുഴക്കടവിനെ മനോഹരമാക്കി.
രണ്ടുവർഷമായി കാവാലി കടവിൽ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളടക്കമാണ് നീക്കം ചെയ്തത്. പ്ലാസ്റ്റിക് മാലിന്യങ്ങളായിരുന്നു ഏറെയുമുണ്ടായിരുന്നത്.
വെള്ളപ്പൊക്കത്തിൽ കടവിലെ ചെടികളിലും മരങ്ങളിലും വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞു കൂടിയിരുന്നു. കടവിലെത്തുന്നവർ നിക്ഷേപിച്ച മാലിന്യങ്ങൾ വേറെയും.
കഴിഞ്ഞ ഒരു വർഷമായി കാവാലി കടവിനെ ആരും ശ്രദ്ധിക്കാതെ വന്നതോടെ പ്രദേശമാകെ കാടും വള്ളിപടലങ്ങളും നിറഞ്ഞിരുന്നു. ഇതോടെയാണു കടവ് ശൂചീകരിക്കാൻ തീരുമാനിച്ചത്.
2018ലെ പ്രളയത്തിൽ പ്രകൃതി മീനച്ചിലാറിനും കിടങ്ങൂർ ഗ്രാമവാസികൾക്കും സമ്മാനിച്ചതാണി മനോഹര തീരം. ഇതു കണ്ടെത്തി ഈ തീരം പരിസ്ഥിതി പ്രവർത്തകരും പരിസ്ഥിതി സ്നേഹികളും നാട്ടുകാരും ചേർന്ന് ശുചീകരിച്ച് മിനി ബീച്ചാക്കി മാറ്റുകയായിരുന്നു.
അന്നു മുതൽ ഈ ബീച്ചിന്റെ കാവലാളായി ചുക്കാൻ പിടിക്കുന്നതു പ്രദേശവാസികൂടിയായ രമേഷ് കിടങ്ങൂരായിരുന്നു. തിരമാലകളില്ലാത്ത ഈ ബീച്ച് കാണുന്നതിനും സായന്തനം ആസ്വദിക്കുന്നതിനുമായി നാടിന്റെ നാനാ ദിക്കിൽ നിന്നുമാണ് ആളുകൾ എത്തുന്നത്.
വള്ളത്തിൽ കയറുവാനും ഊഞ്ഞാലാടാനും മണൽ പരപ്പിലൂടെ നടക്കുന്നതിനുമൊക്കെ ഇവിടെ സൗകര്യമുണ്ട്. തീർത്തും അപകടരഹിതമാണെന്നതാണ് ഈ കടവിന്റെ പ്രത്യേകത. പഞ്ചായത്തും ജനമൈത്രി പോലീസും കാവാലി ബീച്ചിന്റെ പുനരുദ്ധാരണത്തിനും സംരക്ഷണത്തിനും നാട്ടുകാർക്കൊപ്പമുണ്ട്.
കിടങ്ങൂർ കാവാലി കടവിൽ നടന്ന ശുചീകരണ പ്രവർത്തനങ്ങൾ
ശുചീകരണത്തിനുശേഷം കിടങ്ങൂർ കാവാലി കടവ്
……………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………………