മങ്കൊമ്പ്: വെള്ളത്താൽ ചുറ്റപ്പെട്ടു കിടക്കുന്ന ഭൂപ്രദേശമാണ് കുട്ടനാട്. അതുകൊണ്ട് മത്സ്യസമ്പത്തിനാൽ സമൃദ്ധവുമാണ്. ഈ നാട്ടിൽ മത്സ്യബന്ധനം തൊഴിലാക്കി ജീവിക്കുന്നവർ ഏറെയാണ്.
വെളളത്തിലോടിക്കളിക്കുന്ന മീനിനെ പിടിക്കാൻ പലമാർഗങ്ങളുണ്ട്. വീശുവല, ഉടക്കുവല, പെരുവല, എന്നിവയ്ക്കു പുറമേ വിവിധയിനം ചൂണ്ടകൾ ഉപയോഗിച്ചു കൈ നനയാതെ മീൻ പിടിക്കുന്നവരുമുണ്ട്.
എന്നാൽ കൈ നനച്ചു മാത്രമേ മീൻ പിടിക്കുകയുള്ളു എന്ന നിർബന്ധമുള്ള ഒരാൾ കുട്ടനാട്ടിലുണ്ട്. കാവാലം ചെറുകര പുതുവീട് വീട്ടിൽ ബിനുവാണ് വെറുംകൈയാൽ മീൻപിടിച്ചു കുട്ടനാട്ടുകാരുടെ തന്നെ കണ്ണുതള്ളിക്കുന്നത്.
വല്ലഭനു പുല്ലും ആയുധമെന്നു പറയുംപോലെ ബിനുവിനു മീൻപിടിക്കാൻ തന്റെ കൈകൾ ധാരാളം. രണ്ടോ മൂന്നോ വറ്റു ചോറു കൈക്കുമ്പിളിലാക്കി അൽപനേരം വെള്ളത്തിലാഴ്ത്തി പിടിക്കുന്ന ഇയാൾ നിവർന്നുനിൽക്കുമ്പോൾ കൈക്കുമ്പിൾ നിറയെ പിടയ്ക്കുന്ന മീനുകൾ!
ഏറെ ചെലവില്ലാതെ മറ്റേതു മാർഗത്തെക്കാളും വേഗത്തിൽ ധാരാളം മീൻ പിടിക്കാവുന്ന വിദ്യ ബിനു സ്വയം സ്വായത്തമാക്കിയതാണ്. പത്തു വർഷങ്ങളായി ഇത്തരത്തിൽ മീൻ പിടിക്കുന്നതായി ബിനു പറയുന്നു.
ആർ ബ്ലോക്ക് കായലിന്റെ പുറംബണ്ടിനു സമീപം പ്രവർത്തിക്കുന്ന സഹോദരീഭർത്താവിന്റെ ഹോട്ടലിലെ ജീവനക്കാരനാണു ബിനു.
അവിടെയെത്തുന്ന വിനോദസഞ്ചാരികൾക്കു ബിനുവിന്റെ മീൻപിടിത്തം കൗതുകക്കാഴ്ചയാണ്. ഇതേ മീനുകൾ ഹോട്ടലിലെ ഭക്ഷണത്തോടൊപ്പം രുചിച്ചറിയുമ്പോൾ ഇവരുടെ മനം നിറയും. ദിവസവും രണ്ടു ബക്കറ്റോളം മീനാണ് ഇങ്ങനെ പിടിക്കുന്നത്.
ബിനുവിന്റെ പ്രതിഭ മീൻപിടുത്തത്തിൽ മാത്രമൊതുങ്ങുന്നില്ല. കാവാലം ബിനുവെന്നറിയപ്പെടുന്ന ഇദ്ദേഹം മികച്ച ഒരു ഗായകൻ കൂടിയായാണ്.
കഴിഞ്ഞ എട്ടുവർഷമായി കോട്ടയം ന്യൂ ബീറ്റ്സ് എന്ന ഗാനമേള ട്രൂപ്പിന്റെ പ്രധാന ഗായകനാണിദ്ദേഹം. ഇതിനകം തന്നെ സാമൂഹ്യമാധ്യമങ്ങളിൽ ബിനുവിന്റെ മീൻപിടിത്തവും പാട്ടും വൈറലായിക്കഴിഞ്ഞു.
ടൂറിസം കേന്ദ്രമായ കുമരകത്തു ജനിച്ചുവളർന്ന ബിനു കഴിഞ്ഞ 20 വർഷമായി ഭാര്യയുടെ സ്വദേശമായ ചെറുകരയിലാണ് താമസം.