കുമരകം: നിരവധി പേരെ അപകടത്തിലേക്ക് തള്ളിയിട്ട കവണാറ്റിൻകരയിലെ തണൽമരം ഇന്നലെ ഒരു ജീവനെടുത്തു. കുമരകം താജ് ഹോട്ടലിനു മുൻവശം റോഡരികിൽ നിന്ന തണൽമരത്തിൽ ഇടിച്ചു മറിഞ്ഞ് ബൈക്ക് യാത്രക്കാരന് അന്ത്യം. അടുത്ത നാളിലുണ്ടാകുന്ന മൂന്നാമത്തെ മരണമാണിതെന്ന് നാട്ടുകാർ പറയുന്നു.
കുമരകം ബോട്ടുജെട്ടിക്കു സമീപം വച്ചാപറന്പിൽ ഭാഗത്ത് കൊടുവത്രക്കളത്തിൽ ദാസിന്റെ മകൻ വിഷ്ണുദാസ് (25) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ന് കവണാറ്റിൻകര താജ് ഹോട്ടലിനു മുന്നിലായിരുന്നു അപകടം.
ദുബായിൽനിന്നു രണ്ട് മാസത്തെ അവധിക്കെത്തിയ വിഷ്ണു 25ന് തിരികെ പോകാനിരിക്കുന്പോഴാണ് അപകടം.
തണൽ മരത്തിലിടിച്ച് ബൈക്കിൽനിന്നും റോഡിൽ വീണ് തലയ്ക്ക് പരുക്കേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. കുമരകം പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. അമ്മ: കുഞ്ഞുമോൾ. ഏക സഹോദരൻ വിപിൻ ദാസ് (എവിജി മോട്ടോഴ്സ് ജീവനക്കാരൻ). സംസ്കാരം ഇന്ന് മൂന്നിന് വീട്ടുവളപ്പിൽ.
കവണാറ്റിൻ കരയിലെ ചെറിയ വളവിൽ നില്ക്കുന്ന ഈ തണൽമരത്തലിടിച്ച് നിരവധി അപകടങ്ങൾ ഇതിനുമുന്പും ഉണ്ടായിട്ടുണ്ടെന്നു നാട്ടുകാർ പറയുന്നു. അടുത്ത നാളുകളിലുണ്ടായ മൂന്നു അപകടങ്ങളിൽ രണ്ടു യുവാക്കൾ മരിച്ചിരുന്നു.