ബെയ്റൂട്ട്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലെബനനിൽ നിക്ഷേപം വിട്ടുകിട്ടാൻ ബാങ്ക് ജീവനക്കാരെ ബന്ദിയാക്കി യുവാവ്.
പിതാവിന്റെ ചികിത്സയ്ക്കു പണം ആവശ്യപ്പെട്ടാണ് നിക്ഷേപകനായ യുവാവ് ജീവനക്കാരെ ബന്ദിയാക്കി ഭീഷണി മുഴക്കിയിരിക്കുന്നത്.
ലെബനനിന്റെ തലസ്ഥനമായ ബെയ്റൂട്ടിലെ ബാങ്കിലാണ് സംഭവം. തന്റെ നിക്ഷേപം വിട്ടുനൽകിയില്ലെങ്കിൽ സ്വയംതീകൊളുത്തി മരിക്കുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.
ഇയാളുടെ ഏകദേശം 200,000 ഡോളറാണ് ബാങ്കിലുള്ളത്. ഇത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് മരവിപ്പിച്ചിരിക്കുകയാണ്.
വ്യാഴാഴ്ച ബെയ്റൂട്ടിൽ ഹംറ ജില്ലയിലെ ഫെഡറൽ ബാങ്കിന്റെ ശാഖയിൽ പെട്രോൾ ക്യാനുമായാണ് ഇയാൾ കയറിയത്. ആറോളം ജീവനക്കാരെ ഇയാൾ ബന്ദിയാക്കി.
മൂന്നു തവണ ഇയാൾ മുന്നറിയിപ്പായി വെടിയുതിർത്തു. അക്രമിയെ അനുനയിപ്പിക്കാൻ അധികൃതർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. സൈന്യവും പോലീസും ഇന്റലിജൻസ് ഉദ്യോഗസ്ഥരും പ്രദേശം വളഞ്ഞിരിക്കുകയാണ്.