ഫുട്ബോള്‍ മത്സരത്തിനുശേഷം കളിക്കാര്‍ ജഴ്സി പരസ്പരം കൈമാറുന്നത് സാധാരണമാണ്. അന്താരാഷ്ട്ര മത്സരങ്ങളിലാണ് ഇതു പതിവ്. പരസ്പരമുള്ള ബഹുമാനവും വംശീയപരമായി തങ്ങള്‍ തമ്മില്‍ വ്യത്യാസമില്ലെന്നും എല്ലാവരും ഒന്നാണെന്നും വ്യക്തമാക്കാനുമാണ് ജഴ്സി കൈമാറ്റംകൊണ്ട് അർഥമാക്കുന്നത്. റഷ്യന്‍ ലോകകപ്പിലും അതിനു മാറ്റമില്ല.
ഗ്രൂപ്പ് എയില്‍ ഉറുഗ്വെയും ഈജിപ്തും ഏറ്റുമുട്ടിയ ശേഷം ജഴ്സി കൈമാറ്റം നടന്നു. ഈജിപ്ഷ്യന്‍ സ്ട്രൈക്കര്‍ മുഹമ്മദ് സലയുടെ ജഴ്സി ഉറുഗ്വെയുടെ എഡിന്‍സണ്‍ കവാനി വാങ്ങി. കവാനിയില്നിന്നു തിരിച്ച് സലയും വാങ്ങി. ആ മത്സരത്തില്‍ സല കളിച്ചിരുന്നില്ല. തന്റെ മക്കള്‍ സലയുടെ ആരാധകരാണെന്നും അവർക്കുള്ള സമ്മാനമായാണ് ജഴ്സിയെന്നു ഉറുഗ്വെന്‍ സ്ട്രൈക്കര്‍ പറഞ്ഞു. മക്കൾക്ക് സലയുടെ കളിയാണ് തന്റേതിനേക്കാൾ ഇഷ്ടമെന്നും കവാനി കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ന് റഷ്യക്കെതിരേ സല ഇറങ്ങുമെന്ന് ഈജിപ്ത് ടീം വൃത്തങ്ങൾ സൂചിപ്പിച്ചു. പരിക്കേറ്റ് വിശ്രമത്തി ലുള്ള സല ഈജിപ്തിന്റെ ആദ്യ മത്സരത്തിൽ ഇറങ്ങിയിരുന്നില്ല.