കൊച്ചി: മംഗള എക്സ്പ്രസില്‍ ദമ്പതികളെ മയക്കിക്കെടുത്തി പണവും സ്വര്‍ണവും കവര്‍ന്ന സംഭവത്തില്‍ അന്വേഷണം ഗോവയിലേക്ക്. മൂന്ന് ഉത്തരേന്ത്യന്‍ സ്വദേശികളാണ് കൃത്യം നടത്തിയതെന്ന് റെയില്‍വേ പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്കണ്ടെത്തിയെങ്കിലും സംഭവം നടന്നത് ഗോവയിലായതിനാലാണ് കേസ് ഗോവന്‍ പോലീസിനു കൈമാറുന്നത്. ട്രെയിന്‍ ഗോവയിലെ തിവിം സ്റ്റേഷനിലെത്തിയപ്പോഴായിരുന്നു സംഭവം. കവര്‍ച്ചയ്ക്കു ശേഷം ഗോവയില്‍ത്തന്നെ ഏതെങ്കിലും സ്റ്റേഷനില്‍ മോഷ്ടാക്കള്‍ ഇറങ്ങിയിരിക്കാനാണ് സാധ്യതയെന്നാണ് പോലീസ് കരുതുന്നത്.
ശനിയാഴ്ച രാത്രി 8.30ന് മംഗളാ എക്സ്പ്രസില്‍ ദമ്പതികളെയും കുട്ടികളെയും മയക്കിക്കിടത്തി മൂന്നു ലക്ഷം രൂപയുടെ സ്വര്‍ണാഭരണങ്ങളും 47,000 രൂപയുമാണ് കവര്‍ന്നത്. ചെങ്ങന്നൂര്‍ സ്വദേശി വിനോദ് ഗോപാലകൃഷ്ണന്, ഭാര്യ അമ്പിളി, ഇവരുടെ രണ്ടു കുട്ടികള്‍ എന്നിവരെ മയക്കിക്കിടത്തിയാണു കൊള്ളയടിച്ചത്. മൂന്നു പേരടങ്ങുന്ന സംഘം ട്രെയിനില്‍ വച്ചു സൗഹൃദം നടിച്ചു കുടിക്കാന്‍ ശീതളപാനീയം നല്കി മയക്കി മോഷണം നടത്തുകയായിരുന്നെന്നു വിനോദ് പറഞ്ഞു. വിജയ്,ആനന്ദ്, സാഗര്‍ എന്നിങ്ങനെ മുന്നൂ പേരുകളാണ് കവര്‍ച്ച നടത്തിയവര്‍ വിനോദിനോടു പറഞ്ഞിരുന്നത്. ഡല്‍ഹിയില്‍ നിന്നാണ് കയറിയതെന്നും മൂന്നു പേരും കുടുംബവുമായി വളരെ വേഗം അടുപ്പത്തിലാവുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
സൗഹ-ൃദംനടിച്ച് ഇവര്‍ നല്കിയ പാനീയം കുടിച്ചയുടന്‍ വിനോദും കുടംബവും മയങ്ങിപ്പോവുകയായിരുന്നു. രാത്രിയായതിനാല്‍ ഇവര്‍ ഉറങ്ങുകയായിരിക്കുമെന്ന ധാരണയില്‍ സഹയാത്രികര്‍ക്കും സംശയം തോന്നിയില്ല. ഇന്നലെ രാവിലെ ട്രെയിന്‍ തൃശൂരെത്തിയപ്പോഴാണ് ഇവര്‍ ഉറക്കമുണര്‍ന്നത്. പണവും സ്വര്‍ണവും നഷ്ടമായത് മനസിലാക്കി ട്രെയിന്‍ എറണാകുളം സൗത്ത് സ്റ്റേഷനിലെത്തിയപ്പോള്‍ റെയില്‍വേ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. മഹാരാഷ്ട്രയില്‍ ഓട്ടോമൊബൈല്‍ വര്‍ക്ക്ഷോപ്പ് നടത്തുകയായിരുന്ന വിനോദ് കുടുംബ സമേതം നാട്ടിലേക്കു വരികയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ ത്തുടര്‍ന്ന് ഇവര്‍ എറണാകുളത്തു ട്രെയിനിറങ്ങി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്കു മടങ്ങി.