തൃശൂർ: ഒല്ലൂരിൽ വൻ കവർച്ച. ജ്വല്ലറിയുടെ ചുമർതുരന്ന് ഷട്ടറുകൾ അറുത്തുമാറ്റി നാലേമുക്കാൽ കിലോ സ്വർണം കവർന്നു. ഒല്ലൂർ സെന്ററിലുള്ള ആത്മിക ജ്വല്ലറിയിലാണ് കവർച്ച നടന്നത്. ജ്വല്ലറിയുടെ പിന്നിലെ ചുമരാണ് തുരന്നിരിക്കുന്നത്. ഇന്നുരാവിലെ ജ്വല്ലറി തുറന്നപ്പോഴാണ് കവർച്ച നടന്നതറിഞ്ഞത്. ഒല്ലൂർ സിഐയുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധനകൾ നടത്തുകയാണ്.
ഫോറൻസിക് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി. സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ളവ പരിശോധിക്കും. ജ്വല്ലറി നിൽക്കുന്ന ഓട്ടുകന്പനിയുടെ കോന്പൗണ്ടിലെ ഓടുമതിലുകൾ പൊളിച്ച് ജ്വല്ലറിക്ക് പിന്നിലെത്തിയ മോഷ്ടാക്കൾ ജ്വല്ലറിയുടെ ചുമർ തുരന്ന് അകത്തെ ഗ്രില്ലടക്കമുള്ള മൂന്ന് ഷട്ടറുകൾ ഗ്യാസ് കട്ടറുകൾ ഉപയോഗിച്ച് അറുത്ത് മാറ്റി അകത്തു കടന്ന് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ കവരുകയായിരുന്നു.
വളകൾ, മാലകൾ, നെക്ലേയ്സുകൾ എന്നിവയെല്ലാം നഷ്ടമായതായി ജ്വല്ലറി ഉടമ ചിയ്യാരം സ്വദേശി രഘു പറഞ്ഞു. ജ്വല്ലറിക്കു പിന്നിൽ നിന്ന് രണ്ട് ഒഴിഞ്ഞ ബാഗുകളും ചെറിയ ഗ്യാസ് സിലിണ്ടറുള്ള ഒരു ബാഗും ലഭിച്ചിട്ടുണ്ട്. ജ്വല്ലറിക്ക് കാവൽക്കാരനില്ല. 2005ലും ഈ സ്ഥാപനത്തിൽ കവർച്ച നടന്നിരുന്നു. അന്ന് ഒന്നരകിലോ സ്വർണമാണ് നഷ്ടമായത്.