മുറ്റിച്ചൂർ:മുറ്റിച്ചൂരിൽ ഗുണ്ടാ സംഘം സ്ഫോടക വസ്തുക്കൾ എറിഞ്ഞ് തകർത്ത വീട് ഫോറൻസിക് വിഭാഗം പരിശോധന നടത്തി. മുറ്റിച്ചൂർ കടവിന് സമീപം പണിക്കവീട്ടിൽ ഖദീജയുടെ വീടാണ് ഫോറൻസിക് വിഭാഗം പരിശോധിച്ചത്. ഉഗ്രശബ്ദത്തോടെ പൊട്ടിതെറിച്ച വസ്തുവിന്റെ വിവിധ സാന്പിളുകൾ ശേഖരിച്ചു പരിശോധനക്കയച്ചു.
ഫോറൻസിക് ഓഫീസർ പി.പി.സൗഫീനയുടെ നേതൃത്വത്തിലാണ് തെളിവുകൾ പരിശോധനക്കെടുത്തത്. രണ്ട് ടീമുകൾ ഫെയ്സ് ബുക്കിൽ തുടങ്ങിയ പോർവിളി പിന്നീട് രൂപം മാറി അക്രമത്തിൽ കലാശിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ അന്തിക്കാട് എസ്ഐ കെ.ജെ.ജിനേഷ് പറഞ്ഞു.
വിവിധ കേന്ദ്രങ്ങളിൽ ഒളിവിൽ താമസിക്കുന്ന പ്രതികളെ കണ്ടെത്തുന്നതിന് വേണ്ടി പൊലിസ് രണ്ട് ടീമുകൾക്ക് രൂപം നൽകിയിട്ടുണ്ട്. മുറ്റിച്ചൂർ, പടിയം, കാരാമാക്കൽ പ്രദേശങ്ങളിലെ ഉൾപ്പടെ ഏഴ് വീടുകൾക്കു നേരെയാണ്
ശനിയാഴ്ച അർധരാത്രി ആക്രമണം നടന്നത്.
ഫോറൻസിക് ശേഖരിച്ച സ്ഫോടന അവശിഷ്ടങ്ങളുടെ പരിശോധന ഫലം പുറത്ത് വരുന്നതോടെ ഇത്തരം വസ്തുക്കൾ നിർമ്മിക്കുന്നവരെ കുറിച്ചും വിശദമായ അന്വേഷണത്തിനും പൊലിസ് തയ്യാറായേക്കും.