മണ്ണുത്തി: മുല്ലക്കര ഡോണ്‍ ബോസ്കോ സ്കൂളിന് സമീപം താമസിക്കുന്ന ഡോക്ടറുടെ വീട്ടിൽ നാലംഗസംഘം മുഖംമൂടി ധരിച്ചെത്തി സ്വർണവും പണവും കവർന്നു. ഡോ. ക്രിസ്റ്റോ ആട്ടോക്കാരന്റെ വീടിന്റെ മുൻവാതിൽ തകർത്താണ് സംഘം വീട്ടിനുള്ളിൽ കയറി ഡോക്ടറെയും കുടുംബത്തെയും ഭീഷണിപ്പെടുത്തി പണവും സ്വർണവുമായി കടന്നത്. ഇന്നു പുലർച്ചെ മൂന്നിനായിരുന്നു സംഭവം.
വടിവാളും മറ്റു മാരകായുധങ്ങളുമായെത്തിയ സംഘം ഡോക്ടറെയും കുടുംബത്തെയും ഭയപ്പെടുത്തി അലമാരയിലും മറ്റിടങ്ങളിലുമായി സൂക്ഷിച്ചിരുന്ന 30 പവൻ സ്വർണവും പണവും എടുക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
സിസിടിവി ക്യാമറകളുടെ ബന്ധം വിഛേദിച്ചശേഷമാണ് സംഘം അകത്തു കയറിയെന്നു പറയുന്നു. കവർച്ചയ്ക്കു ശേഷം സംഘം കാറിലാണ് രക്ഷപ്പെട്ടത്. കർണാടക രജിസ്ട്രേഷനുള്ള കാറാണിതെന്ന് സംശയിക്കുന്നു. പോലീസ് പട്രോളിംഗിനിടെ ഈ കാർ ശ്രദ്ധയിൽ പെട്ടിരുന്നതായി പോലീസ് പറയുന്നു. മധുര സ്വദേശിയായിരുന്നു കാറിന്റെ ഡ്രൈവർ. ഈ കാറിനെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കവർച്ച നടന്നതിനുശേഷം രാവിലെ ഏഴരയോടെയാണ് മണ്ണുത്തി പോലീസിൽ വിവരമറിയിക്കുന്നത്. സംഭവത്തിനുശേഷം വിവരമറിയിക്കാൻ വൈകിയത് പ്രതികൾക്ക് രക്ഷപെടാൻ കൂടുതൽ സമയം ലഭിച്ചുവെന്ന് പോലീസ് പറഞ്ഞു. ഡോഗ് സക്വാഡും ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സിഐ എം.ശശിധരൻപിള്ളിയുടെ നേതൃത്വത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.