തലശേരി: പട്ടാപ്പകൽ നഗരമധ്യത്തിൽ മുഖത്ത് മുളക് പൊടി വിതറി എട്ട് ലക്ഷം കവർന്ന കേസിൽ മുഖ്യസൂത്രധാരൻ ചെന്നൈയിൽ പിടിയിൽ.
വടക്കുമ്പാട് സ്വദേശി നിഹാലിനെ (28) യാണ് വിദേശത്തേക്ക് കടക്കാൻ ശ്രമിക്കവെ ചെന്നൈ വിമാനത്താവളത്തിൽ വെച്ച് അധികൃതർ പിടികൂടിയത്. പോലീസ് ചെന്നൈയിലെത്തി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തലശേരിയിലെത്തിച്ചു.
ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. നിഹാൽ വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിവരത്തെ തുടർന്ന് സിഐ കെ. സനിൽ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.
ഇതോടെ അക്രമി സംഘത്തിലെ രണ്ട് പേർ അറസ്റ്റിലായി. കണ്ണൂർ വാരം വലിയന്നൂർ സ്വദേശി റുഖിയ മൻസിലിൽ അഫ്സലാണ് നേരത്തെ അറസ്റ്റിലായത്. വയനാട്ടിൽ നിന്നാണ് അഫ്സലിനെ പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ റിമാൻഡിലാണുള്ളത്. ഓപ്പറേഷനു ശേഷം അക്രമിസംഘം രക്ഷപ്പെട്ട മാരുതി സ്വിഫ്റ്റ് കാറ് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കണ്ണൂർ സ്വദേശി നൂർ തങ്ങൾ എന്നിവരുൾപ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ള വിവരം.
ഓപ്പറേഷനു ശേഷം നൂർ തങ്ങൾ ആന്ധ്രപ്രദേശിലേക്ക് കടന്നതായും പോലീസിന് വിവരം ലഭിച്ചിരുന്നു. കഴിഞ്ഞ മാസം 16 നാണ് നഗരമധ്യത്തിൽ കവർച്ച നടന്നത്.
പഴയ ബസ് സ്റ്റാൻഡിലെ സഹകരണ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണാഭരണങ്ങളെടുക്കാനായി എത്തിയവരുടെ 8 ലക്ഷം രൂപ മുളക് പൊടി കണ്ണിൽ വിതറി കൊള്ളയടിച്ചുവെന്നാണ് കേസ്.