തലശേരി: പട്ടാപ്പകൽ നഗരമധ്യത്തിൽ മുഖത്ത് മുളകുപൊടി വിതറി എട്ടുലക്ഷം കവർന്ന കേസിൽ അക്രമി സംഘം രക്ഷപെട്ട മാരുതി സ്വിഫ്റ്റ് കാർ പോലീസ് കസ്റ്റഡിയിലെടുത്തു.
കണ്ണൂർ സ്വദേശി നൂർ തങ്ങൾ, നിഹാൽ എന്നിവരുൾപ്പെടെ അഞ്ചുപേരടങ്ങുന്ന സംഘമാണ് കവർച്ച നടത്തിയതെന്നാണ് അന്വഷണ സംഘത്തിന് ലഭിച്ചിട്ടുള്ള വിവരം. ഓപ്പറേഷനു ശേഷം നൂർ തങ്ങൾ ആന്ധ്രാപ്രദേശിലേക്ക് കടന്നതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.
ഇതിനിടയിൽ കവർച്ചാസംഘത്തിന് തലശേരിയിലെ ലഹരി മാഫിയയിൽ നിന്നും ഭീഷണി ഉയർന്നതായും ലഹരി മാഫിയാസംഘം മാരകായുധങ്ങളുമായി കവർച്ച സംഘത്തെ പിന്തുടർന്നതായും റിപ്പോർട്ടുണ്ട്.
കേസിൽ ഇന്നലെ അറസ്റ്റിലായ കണ്ണൂർ വാരം വലിയന്നൂർ സ്വദേശി റുഖിയ മൻസിലിൽ അഫ്സലിനെ (27) കോടതി റിമാന്റുചെയ്തു. പ്രതിയെ കൂടുതൽ അന്വഷണങ്ങൾക്കായി കസ്റ്റഡിയിൽ വാങ്ങുമെന്ന് സിഐ കെ. സനിൽകുമാർ രാഷ്ട്ര ദീപികയോട് പറഞ്ഞു.
ഈ സംഘം ഇതിനു മുമ്പും സമാനമായ തട്ടിപ്പുകൾ നടത്തിയതായും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വയനാട്ടിൽ നിന്നാണ് അഫ്സലിനെ പേലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ മാസം 16 നാണ് നഗര മധ്യത്തിൽ കവർച്ച നടന്നത്. പഴയ ബസ് സ്റ്റാന്റിലെ സഹകരണ ബാങ്കിൽ പണയം വെച്ചിരുന്ന സ്വർണ്ണാഭരണങ്ങളെടുക്കാനായി എത്തിയവരുടെ എട്ടുലക്ഷം രൂപ മുളകുപൊടി കണ്ണിൽ വിതറി കൊള്ളയടിച്ചുവെന്നാണ് കേസ്.