നെടുമങ്ങാട്: രാത്രിയിൽ ബൈക്കിൽ സഞ്ചരിച്ച് വീടുകൾ കുത്തിത്തുറന്ന് റബർ ഷീറ്റ്, മൊബൈൽ ഫോൺ എന്നിവ മോഷ്ടിച്ചിരുന്ന വെള്ളനാട് പുനലാൽ ചരുവിളാകത്ത് വീട്ടിൽ നാസറുദ്ദീൻ (44), വെള്ളനാട് ചാങ്ങ കണ്ടാംമ്മൂല തടത്തരികത്ത് വീട്ടിൽ അനിൽകുമാർ (44) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികൾ ഞായറാഴ്ച പുലർച്ചെ 1.30ന് ചെറിയകൊണ്ണി കോണത്ത് അഭയ വിലാസത്തിൽ ജലജ കുമാരിയുടെ വീട്ടിൽനിന്നും മകൻ പഠിക്കാൻ ഉപയോഗിച്ചിരുന്ന സമാർട്ട് ഫോൺ മോഷ്ടിച്ചു.
ഈ വീടിനു സമീപമുള്ള ചെറിയകൊണ്ണി ശ്യമന്തകം വീട്ടിൽ കൃഷ്ണൻ കുട്ടിയുടെ വീട് കുത്തിത്തുറന്ന് അതിനകത്തുണ്ടായിരുന്ന സാധനങ്ങൾ മോഷ്ടിക്കാൻ ശ്രമിക്കവേ ശബ്ദംകേട്ട് വീട്ടുകാർ ഉണർന്നതോടെ മോഷ്ടാക്കൾ ഓടി രക്ഷപ്പെട്ടു.
പോലീസ് അന്വേഷിച്ചപ്പോൾ കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൂവച്ചൽ ഭാഗത്തുനിന്നും മോഷ്ടാക്കളെ അറസ്റ്റ് ചെയ്തു.
പ്രതികൾ പകൽ സമയങ്ങളിൽ വീടുകൾ കണ്ടു വച്ചിട്ടു രാത്രി കാലങ്ങളിൽ ബൈക്കിൽ മോഷണം നടത്തിയിരുന്നവരാണെന്നും പോലീസ് പറഞ്ഞു.
അരുവിക്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷിബു കുമാർ, സബ് ഇൻസ്പെക്ടർമാരായ കിരൺ ശ്യാം, റാബി, അൻസാരി, ബിനീഷ് ഖാൻ, സാബിർ, സിപിഒമാരായ അനിൽ കുമാർ, ആദർശ്, അരവിന്ദ്, എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.