വടക്കഞ്ചേരി:വടക്കഞ്ചേരി ടൗണിൽ കടയുടെ ചുമർ കുത്തി തുരന്ന് കവർച്ച. പഴയ പോസ്റ്റ് ഓഫീസ് റോഡിൽ ആനന്താനം കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ദിയ ഗ്യാരണ്ടി ആഭരണ കടയിലാണ് കവർച്ച നടന്നത്.
മൂന്ന് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ഉടമ മൂലങ്കോട് കാരപ്പാടം സ്വദേശി നിഷാദ് പടിക്കൽ പറഞ്ഞു. പുറകിൽ കടയുടെ ചുമർ ഒരാൾ കടക്കും വിധം വൃത്താകൃതിയിൽ തുരന്നാണ് മോഷ്ടാക്കൾ അകത്തു കടന്നിട്ടുള്ളത്.
ഷോ ചെയിനുകൾ, പാദസ്വരം, കൈ ചെയിൻ, വളകൾ, നെക്ക് ലെസുകൾ തുടങ്ങിയ വലിയ സ്റ്റോക്ക് കടയിലുണ്ടായിരുന്നതായി ഉടമ പറഞ്ഞു. സമീപത്തെ ഇറിഗേഷൻ കോന്പൗണ്ടിന്റെ മതിൽ കടന്നാണ് മോഷ്ടാക്കൾ എത്തിയിട്ടുള്ളത്.ഇവിടെ പൊന്തക്കാടിനിടയിലൂടെ മോഷ്ടാക്കൾ നടന്നുള്ള വഴിയുണ്ട്. നിഷാദിന് ആലത്തൂരിലും കടയുണ്ട്.
ഇടിവെട്ടിൽ കടയിലെ സിസിടിവി കേടുവന്നിരുന്നു. ഇതിനാൽ വടക്കഞ്ചേരി കടയിലെ സിസിടിവി യും ഇന്നലെ ഓഫാക്കിയിടുകയായിരുന്നു. വ്യാപാരി നേതാക്കളുടെ നേതൃത്വത്തിൽ ഉടമ പോലീസിൽ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചിട്ടുണ്ട്.