സ്വന്തം ലേഖകൻ
തൃശൂർ: ബാങ്കിൽനിന്ന് നാലുലക്ഷം രൂപ കവർന്ന സംഭവത്തിൽ സിസി ടിവി ദൃശ്യങ്ങൾ മങ്ങിയതായതിനാൽ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കഴിയാതെ പോലീസ്. ബാങ്കിൽ ഗുണനിലവാരം കുറഞ്ഞ സിസി ടിവി കാമറകളാണ് സ്ഥാപിച്ചിരുന്നതെന്നും അതിനാൽ ദൃശ്യങ്ങൾ തെളിച്ചക്കുറവുള്ളതാണെന്നും പോലീസ് പറഞ്ഞു. ഈ ദൃശ്യങ്ങൾ അന്വേഷണത്തിനു സഹായിക്കില്ലെന്ന് പോലീസ് പറയുന്നു.
അന്യസംസ്ഥാനത്തെ ബാങ്ക് കവർച്ചക്കാരെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ടുപോകുന്നത്. അവിടങ്ങളിൽ നടന്നിട്ടുള്ള കവർച്ചകളുമായി തൃശൂരിലെ കവർച്ചയ്ക്ക് സാമ്യമുണ്ടോ എന്നു നോക്കി അതിലെ പ്രതികളെ കേന്ദ്രീകരിച്ച് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് പോലീസിന്റെ തീരുമാനം.
പന്ത്രണ്ടുപേരടങ്ങുന്ന സംഘമാണ് പണം തട്ടിയതെന്നാണ് നിഗമനം. ദൃശ്യങ്ങൾ വ്യക്തമല്ലാത്തതിനാൽ സംഘാംഗങ്ങൾ എത്ര പേരുണ്ടെന്ന കാര്യത്തിൽ ഇപ്പോൾ സംശയമുണ്ട്. കഴിഞ്ഞ തിങ്കളാഴ്ചയാണ് റൗണ്ട് സൗത്തിലെ എസ്ബിഐ ബ്രാഞ്ചിൽ നിന്ന് ജീവനക്കാരുടെ ശ്രദ്ധതിരിച്ച് നാലു ലക്ഷം രൂപ കാഷ് കൗണ്ടറിനകത്തു നിന്നു കവർന്നത്.
തമിഴ്നാട്ടിലെ ട്രിച്ചിയിലുള്ള റാംജിനഗറിലെ ബാങ്ക് മോഷ്ടാക്കളെയാണ് പോലീസ് പ്രധാനമായും സംശയിക്കുന്നത്. ഇത്തരത്തിലുള്ള കവർച്ചകൾ നടത്തുന്നതിൽ പ്രത്യേക വൈദഗ്ധ്യം നേടിയവരാണിവരെന്ന് പോലീസ് പറഞ്ഞു.
അലസരാകരുത്…..പോലീസ് പറയുന്നു
ബാങ്കിലും ധനകാര്യ സ്ഥാപനങ്ങളിലും പണം കൈകാര്യം ചെയ്യുന്നവർ കുറേക്കൂടി ജാഗ്രതപാലിക്കണമെന്നും അലസരാകരുതെന്നും പോലീസിന്റെ ജാഗ്രതാ നിർദ്ദേശം. തൃശൂരിലെ കവർച്ചയുടെ പശ്ചാത്തലത്തിൽ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടേയുമടക്കം എല്ലാ സ്ഥാപനങ്ങളുടേയും സുരക്ഷ കൂടുതൽ ശക്തമാക്കാൻ പോലീസ് നിർദ്ദേശിച്ചിട്ടുണ്ട്. ബാങ്കുകൾക്കകത്തേക്ക് ഇടപാടുകാരെ കടത്തിവിടുന്പോൾ ശ്രദ്ധിക്കണമെന്നും കാഷ് കൗണ്ടറിനകത്തേക്ക് ഇടപാടുകാരെ കടത്തിവിടേണ്ടതില്ലെന്നും നിർദ്ദേശമുണ്ട്.
തിരക്കു കൂടുന്ന സമയത്ത് കൂടുതൽ ജാഗ്രത പാലിക്കണം. അവധി ദിവസങ്ങൾ കഴിഞ്ഞെത്തുന്ന പ്രവൃത്തിദിനങ്ങളിൽ തിരക്കേറുമെന്നതിനാൽ കൂടുതൽ ശ്രദ്ധ വേണമെന്നും പോലീസ് പറഞ്ഞു.