കൊച്ചി: എറണാകുളം സ്വദേശിനിയെ വാടക വീടിനുള്ളിൽ പൂട്ടിയിട്ടു സ്വര്‍ണം കവര്‍ന്ന കേസില്‍ രണ്ടു സ്ത്രീകളടക്കം നാലു പേര് അറസ്റ്റിലായി.
ചേര്‍ത്തല പാണാവള്ളി പുതുവില്‍നികത്തു അശ്വതി (27), തിരുവനന്തപുരം പേട്ട വയലില്‍ കണ്ണന് (21), അരൂക്കുറ്റി വേലിപറമ്പില് മുഹമ്മദ് ബിലാല്‍ (25), നോര്‍ത്ത് പറവൂര്‍ കാട്ടിക്കളം അന്താരകുളം ഇന്ദു (32) എന്നിവരെയാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ അഞ്ചിന് വൈകുന്നേരം നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനു സമീപം മൊണാസ്ട്രി റോഡില്‍ വാടകവീട് കാണിച്ചു തരാമെന്നു പറഞ്ഞ് പരാതിക്കാരിയെ വിളിച്ചുവരുത്തി നാലു പേരും ചേർന്ന് കവര്‍ച്ച നടത്തുകയായിരുന്നു.
മുറികള്‍ കാണുന്നതിനായി വീടിനുള്ളിൽ പ്രവേശിച്ച സ്ത്രീയെ പൂട്ടിയിട്ടശേഷം ആക്രമിക്കുകയും ഒന്നര പവന്റെ മാല, അര പവന്റെ കമ്മല്‍, അരപ്പവന്‍ വരുന്ന മോതിരം എന്നിവ അഴിച്ചെടുക്കുകയുമായിരുന്നു.
പോലീസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സ്ത്രീയുടെ പരാതിയിൽ പറഞ്ഞിരുന്നു. പ്രതികള്‍ കണ്ണാടിക്കാട് ഒരു വാടക വീട്ടിൽ ഒളിച്ചു താമസിക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്നു സ്ഥലത്തെത്തിയ പോലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കവര്‍ച്ച ചെയ്ത വസ്തുക്കൾ പൂച്ചാക്കലുള്ള ഒരു പണമിടപാട് സ്ഥാപനത്തില്‍നിന്നു കണ്ടെത്തി. എറണാകുളം സെന്‍ട്രല്‍ എസ്ഐ എസ്. വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.