ബേക്കല്‍: കാപ്പില്‍ ബീച്ച് റോഡിലെ ബേക്കല്‍ ഹോം സ്റ്റേ റിസോര്‍ട്ടില്‍ നിന്നും ആറ് ലക്ഷം രൂപ കവര്‍ന്ന കേസില്‍ സ്ഥാപനത്തിലെ ജീവനക്കാരായ ദമ്പതികള്‍ പിടിയില്‍.
ബംഗളുരു ചിത്രദുര്‍ഗ സ്വദേശികളായ പ്രദീപ് (25), ഭാര്യ നിവേദിത (24) എന്നിവരെയാണ് ബേക്കല്‍ സിഐ യു.പി വിപിനും സംഘവും അറസ്റ്റ് ചെയ്തത്.
റിസോര്‍ട്ടിന്റെ റിസപ്ഷനടുത്തുള്ള മുറിയില്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കഴിഞ്ഞ മൂന്നിന് മോഷണം പോയത്.
പണം നഷ്ടപ്പെട്ടതായി കണ്ടെത്തിയതോടൊപ്പം പ്രദീപും നിവേദിതയും അപ്രത്യക്ഷരായതോടെ സ്ഥാപന ഉടമ കെ.കെ.പ്രദീപന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് ബംഗളൂരു പോലീസുമായി ബന്ധപ്പെട്ടാണ് പ്രതികളെ കണ്ടെത്തിയത്.
കവര്‍ച്ച ചെയ്ത തുക ഉപയോഗിച്ച് രണ്ടു ലക്ഷം രൂപയുടെ ബൈക്കും 50000 രൂപ വീതം വിലവരുന്ന രണ്ട് മൊബൈല്‍ ഫോണുകളും ഇവര്‍ വാങ്ങിയിരുന്നു.
എസ്ഐ രജനീഷ്, എഎസ്ഐ രാജന്, എസ്.സി.പി.ഒ കെ.വി.അജയ് എന്നിവരുള്‍പ്പെട്ട സംഘമാണ് ദമ്പതികളെ പിടികൂടിയത്. പ്രതികളെ റിമാന്‍ഡ് ചെയ്തു.