ചെങ്ങന്നൂർ: കേരളത്തിലെ നവോത്ഥാന ചരിത്രത്തിൽ ഗണ്യമായ സംഭാവന നൽകിയ വ്യക്തിയായിരുന്നു കാവാരികുളം കണ്ഠൻ കുമാരൻ എന്ന് ധനമന്ത്രി ടി.എം തോമസ് ഐസക് പറഞ്ഞു. കാവാരികുളം കണ്ഠൻ കുമാരൻ മെമ്മോറിയൽ ട്രസ്റ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധുജനങ്ങളുടെ വിദ്യാഭ്യാസ അവകാശങ്ങൾക്ക് വേണ്ടി പ്രജാസഭാംഗമായ അദ്ദേഹം കരുത്തോടെ വാദിച്ചിരുന്നു. പഴയ കാലത്തെ പല ആചാരങ്ങളും ആധുനിക സമൂഹത്തിൽ നിരർഥകമാണ്. ഇത് മനസിലാക്കി എല്ലാ സമുദായങ്ങളിലും പരിഷ്കരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.
ചെങ്ങന്നൂർ ഗവ.ഐടിഐ ജംഗ്ഷനു സമീപമുള്ള ട്രസ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ ട്രസ്റ്റ് ചെയർമാൻ എം.എൻ ഗോപിനാഥൻ അധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ് എം പി മുഖ്യ പ്രഭാഷണവും സജി ചെറിയാൻ എം എൽ എ ഫോട്ടോ അനാഛാദനവും നിർവഹിച്ചു. കെ.ഷിബു രാജൻ, വെണ്ണിക്കുളം മാധവൻ, റവ. കെ.വി പത്രോസ്, വി.കെ തങ്കപ്പൻ, വിനീതാ വിജയൻ, ഡി. ആർ വിനോദ്, മുഖത്തല ഗോപിനാഥൻ,പി.സി സജി എന്നിവർ സംസാരിച്ചു.