കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തില്‍ ‘കവര്‍ അടിച്ചു കിടക്കണുണ്ട്, കൊണ്ടോയി കാണിക്ക്’ എന്ന് സഹോദരൻ ബോണി(ശ്രീനാാഥ് ഭാസി)യോട് ബോബി (ഷെയ്ൻ നിഗം) പറയുന്ന ഒരു രംഗമുണ്ട്. നിലാവു പൂത്ത രാത്രിയില്‍ ബോണി പെണ്‍സുഹൃത്തിനൊപ്പം കവര്‍ കാണാന്‍ പോകുന്നതും ആ നീലവെള്ളം അവള് ഉള്ളംകൈയില്‍ കോരിയെടുക്കുന്നതും ചിത്രത്തിലെ മനോഹരമായ കാഴ്ചകളില്‍ ഒന്നാണ്. കുമ്പളങ്ങി നൈറ്റ്സ് പുറത്തിറങ്ങിയിട്ട് വര്‍ഷം ആറ് ആകുമ്പോഴും ഇന്ത്യയിലെ ആദ്യത്തെ മോഡല്‍ ടൂറിസം ഗ്രാമമായ കുമ്പളങ്ങിയിലെ കവര്‍ ഇന്നും സൂപ്പര്‍ഹിറ്റാണ്.
കവര്‍ പൂത്തത്തോടെ ഇവിടേക്ക് സഞ്ചാരികളുടെ ഒഴുക്കാണ്. ആ നയന മനോഹര രാത്രിക്കാഴ്ച നേരില്‍ കാണാന്‍ വൈകുന്നേരം മുതല്‍ മറ്റു ജില്ലകളില്‍ നിന്നുപോലും നൂറു കണക്കിന് ആളുകളാണ് ഇവിടേക്ക് എത്തുന്നത്. കുമ്പളങ്ങിയിലെ പാടശേഖരങ്ങളിലാണ് നീല വെളിച്ചം വിതറി കവര്‍ നിറഞ്ഞു നില്‍ക്കുന്നത്. വെള്ളത്തിന് ഇളക്കം തട്ടിയാല്‍ നീലപ്രകാശം വെട്ടിത്തിളങ്ങും. വെള്ളത്തില്‍ ഉപ്പിന്റെ അളവ് കൂടുന്തോറും ഇതിന്റെ പ്രകാശവും വര്‍ധിക്കും. ശക്തിയേറിയ മഴ പെയ്താല്‍ കവര്‍ നശിക്കും. മാര്‍ച്ച് മാസം മുതലാണ് കവര്‍ കണ്ട് തുടങ്ങുന്നത്. നിലാവെളിച്ചം കുറഞ്ഞ ഇരുട്ടുള്ള രാത്രികളിലാണ് കവര്‍ കൂടുതല്‍ ദൃശ്യമാകുന്നത്. വെള്ളത്തിലൂടെ നടന്നാലും കോരിയെടുത്താലും ഈ വെളിച്ചത്തെ നമുക്ക് അറിയാനാകും.
എന്താണ് കവര്‍?
‘ബയോലൂമിനസെന്‍സ്’ എന്ന പ്രതിഭാസമാണ് ‘കവര്‍’ എന്ന് അറിയപ്പെടുന്നത്. ഉപ്പുള്ള കടല്‍, കായല്‍ ജലത്തിലെ ബാക്ടീരിയ, ആല്‍ഗ, ഫംഗസ് പോലുള്ള സൂക്ഷ്മജീവികള്‍ പ്രകാശം പുറത്തുവിടുന്ന പ്രതിഭാസമാണ് ബയോലൂമിനസെന്‍സ്. പ്രകാശത്തോടൊപ്പം ചൂട് പുറത്തുവിടാത്തതിനാല്‍ ഇതിനെ ‘തണുത്ത വെളിച്ചം’ എന്നും വിശേഷിപ്പിക്കാറുണ്ട്. നൊക്റ്റിലൂക്ക സിന്റിലന്‍സ് എന്ന സ്വതന്ത്രമായി ജീവിക്കുന്ന ഡൈനോഫ്ളജെല്ലേറ്റ് സമുദ്രജീവിയുടെ ജൈവ ദീപ്തിയാണ് കവര്‍ (സീ സ്പാര്‍ക്കിള്‍) എന്ന ഏകകോശ ഘടനയുള്ള ജീവികള്‍.
മിന്നാമിനുങ്ങുകള്‍ പ്രകാശിക്കുന്നത് ബയോലൂമിനെസെന്‍സ് എന്ന രാസവസ്തു ഉള്ളതിനാലാണ്. കരയിലെ മിന്നാമിനുങ്ങു പോലെ ഉപ്പു വെള്ളത്തില്‍ ജീവിക്കുന്ന നൊക്റ്റിലൂക്ക എന്ന ബാക്ടീരിയയുടെ ബയോലൂമിനസെന്‍സ് പ്രവര്‍ത്തനമാണ് ഈ തണുത്ത പ്രകാശത്തിനാധാരം. ജലത്തില്‍ ഇളക്കം തട്ടുമ്പോഴും അവയ്ക്ക് ആവശ്യമുള്ളപ്പോഴും അവിടെയുള്ള എല്ലാ നൊക്റ്റിലൂക്ക ബാക്ടീരിയകളും ഒന്നായി ചേര്‍ന്ന് പുറപ്പെടുവിക്കുന്ന പ്രകാശമാണ് നമുക്ക് നയന മനോഹരമായ നീല വെളിച്ചമായി കാണാനാകുന്നത്. ഇണയേയും ഇരയേയും ആകര്‍ഷിക്കാനും ശത്രുക്കളില്‍നിന്നു രക്ഷപ്പെടാനുമൊക്കെ സൂക്ഷ്മ ജീവികള്‍ ഈ വെളിച്ചം ഉപയോഗപ്പെടുത്താറുണ്ട്.
ഉപ്പിന്റെ സാന്നിധ്യം കടല്‍, കായല്‍ ജലത്തില്‍ കൂടുന്ന വേനല്‍ കാലത്ത് മാത്രമാണ് ഈ നീല പ്രകാശം മനുഷ്യന്റെ നഗ്നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയുക. സാധാരണ വേനല്‍ കടുത്ത് ഉപ്പ് കൂടുന്ന ഫെബ്രുവരി മുതല്‍ ഏപ്രില്‍, മേയ് വരെ കായലുകളിലെ ഒഴുക്ക് കുറഞ്ഞ പ്രദേശങ്ങളില്‍ ഇത് നന്നായി കാണാന്‍ കഴിയും. ഈ വര്‍ഷം വേലിയേറ്റം കൂടുതല്‍ ആയതിനാലാണ് മാര്‍ച്ച് മാസത്തില്‍ കവര്‍ ദൃശ്യമായത്.
കവര്‍ എവിടെയൊക്കെ കാണാം
ആഞ്ഞിലിത്തറ, മണക്കൂര് തെക്ക്-വടക്ക്, പടന്നക്കരി, കപ്പിത്താന്കരി പാടശേഖരങ്ങള്‍, കണ്ടക്കടവ് എംഎല്‍എ റോഡില്‍നിന്ന് ആഞ്ഞിലിത്തറയിലേക്ക് പോകുന്ന മണക്കൂര് പാടശേഖരങ്ങള്‍, കുമ്പളങ്ങി തെക്കേ അറ്റത്തുള്ള പുത്തന്‍കരി പാടശേഖരങ്ങള്‍, ചുടുകാട് എന്നിവിടങ്ങളിലെ വ്യത്യസ്ത പാടശേഖരങ്ങളിലാണ് കൂടുതലായും കവര്‍ ദൃശ്യമാകുന്നത്. കവര്‍ കാണാനെത്തുന്നവര്‍ പലപ്പോഴും ഗ്രാമവാസികള്‍ക്ക് ശല്യമുണ്ടാക്കുന്ന അവസ്ഥയും നിലവിലുണ്ട്. കവര്‍ പൂക്കുന്ന പൊക്കാളിപ്പാടങ്ങള്‍ ഇവിടത്തുകാരുടെ ഉപജീവനമാര്‍ഗം കൂടിയാണ്. കവര്‍ കാണാനായി വെള്ളത്തിലേക്ക് ഇറങ്ങുന്നവര്‍ കല്ലും മറ്റും വലിച്ചെറിയുമ്പോള്‍ മീനുകള്‍ക്ക് നാശം ഉണ്ടാകാറുമുണ്ട്.
വിപുലമായ സൗകര്യങ്ങളൊരുക്കി കുമ്പളങ്ങി ഗ്രാമപഞ്ചായത്ത്
കഴിഞ്ഞ വര്‍ഷം കുമ്പളങ്ങിയില്‍ ഈ കാഴ്ച കാണാനെത്തിയത് ലക്ഷങ്ങളാണ്. അതുകൊണ്ടുതന്നെ ഇത്തവണ കുമ്പളങ്ങി മാതൃക ടൂറിസം വില്ലേജിലെ ടൂറിസം പ്രോജക്ടായി മാറിയിരിക്കുകയാണ് കവര്‍. കേരള ഹോം സ്റ്റേ ആന്‍ഡ് ടൂറിസം സൊസൈറ്റി (കേരള ഹാറ്റസ്) മുന്‍കൈയെടുത്താണ് കവര്‍ ടൂറിസം പ്രോജക്ടാക്കി മാറ്റിയിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷത്തെ അനിയന്ത്രിത ജനത്തിരക്ക് മുന്നില്‍ കണ്ട് ഇത്തവണ കവര്‍ കാണാനെത്തുന്നവര്‍ക്കായി കുമ്പളങ്ങി ഗ്രാമ പഞ്ചായത്ത് പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കുമ്പളങ്ങിയിലേക്ക് എത്തുന്ന സഞ്ചാരികള്‍ക്ക് രാത്രി സമയങ്ങളില്‍ പാര്‍ക്കിംഗ് സൗകര്യം ഏര്‍പ്പെടുത്തി. കുമ്പളങ്ങി പഴങ്ങാട് ജംഗ്ഷനിലും ആഞ്ഞിലിത്തറ ഭാഗത്തേക്ക് പോകുന്ന കോണ്‍വെന്റ് പരിസരത്തും പ്രൈവറ്റ് സ്ഥലങ്ങളില്‍ പേ ആന്‍ഡ് പാര്‍ക്കിംഗ് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. രാത്രി സമയത്ത് വലിയ വാഹനങ്ങളില്‍ എത്തുന്നവര്‍ക്ക് പൊക്കാളിപ്പാടങ്ങളിലേക്ക് എത്താനായി ഓട്ടോറിക്ഷകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആഞ്ഞിലിത്തറ, കണ്ടക്കടവ്, പഴങ്ങാട് കവല തുടങ്ങിയ പ്രദേശങ്ങളില്‍ രാത്രികാലങ്ങളില്‍ പോലീസ് ഡ്യൂട്ടിയിലുണ്ടാകും.
ഏതൊക്കെ സ്ഥലങ്ങളിലാണ് ഓരോ ദിവസവും കവര്‍ ദൃശ്യമാകുന്നത് എന്ന് അറിയിക്കാനായി കുമ്പളങ്ങി എന്ന പേരില്‍ വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. കവര്‍ കാണാനെത്തുന്നവരില്‍ ചിലര്‍ കാഴ്ചയുടെ കാഠിന്യം വര്‍ധിപ്പിക്കാനായി പാടശേഖരങ്ങളിലേക്ക് ക്ലോറിനും മണ്ണെണ്ണയും മറ്റും ഒഴിക്കാറുണ്ട്. ഇത്തരക്കാര്ക്കെതി രേ കര്‍ശന നിയമ നടപടി സ്വീകരിക്കും. കുമ്പളങ്ങിയുടെ തനതു വിഭവങ്ങള്‍ വിളമ്പുന്ന 15 ഓളം ഭക്ഷണശാലകള്‍ രാത്രിയിലും പ്രവര്‍ത്തിക്കും. നിലവില്‍ ലൈസന്‍സുള്ള വള്ളങ്ങള്‍ക്ക് രാത്രിയാത്ര നടത്തുന്നതിന് നിയന്ത്രണമുണ്ട്. ഇത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് കുമ്പളങ്ങി പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കളക്ടര്‍ക്കും മട്ടാഞ്ചേരി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ക്കും അപേക്ഷ നല്‍കിയിട്ടുണ്ട്.
ഇവിടെ പണ്ടേയുണ്ട്…
കുമ്പളങ്ങിയില്‍ കവര്‍ പണ്ടേയുള്ളതാണ്. അതുകൊണ്ടുതന്നെ കവര്‍ വേനല്‍ക്കാലത്തെ പതിവ് കാഴ്ചയാണ് കുമ്പളങ്ങിക്കാര്‍ക്ക്. വെള്ളി നിറത്തിലായിരുന്നു അന്ന് അത് ദൃശ്യമായിരുന്നത്. എന്നാല്‍ കുമ്പളങ്ങി നൈറ്റ്സ് സിനിമ ഇറങ്ങിയതോടെയാണ് കുമ്പളങ്ങിയിലെ കവര്‍ പുറംലോകം അറിഞ്ഞു തുടങ്ങിയതും സഞ്ചാരികളുടെ ഒഴുക്കുണ്ടായതും. പിന്നെ, സിനിമയില്‍ കാണുന്നപോലെ നിലാവുള്ള രാത്രിയില്‍ വന്നാല്‍ കവര്‍ കാണാന്‍ കഴിയില്ല. നിലാവില്ലാത്ത ദിവസങ്ങളിലാണ് ഇത് കൂടുതല്‍ ദൃശ്യമാകുക. വെളുത്ത വാവ് കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസങ്ങള്‍ മുതല്‍ കറുത്ത വാവ് കഴിഞ്ഞ് രണ്ടോ മൂന്നോ ദിവസം വരെ സന്ധ്യാസമയത്തും കറുത്ത വാവു കഴിഞ്ഞ് നേരം പുലരും മുമ്പും മനോഹരമായ ഈ കാഴ്ച കാണാനാകും. നീല വെളിച്ചത്തിനു പുറമേ മങ്ങിയ പച്ച നിറത്തിലും ചില ഇടങ്ങളില്‍ കവര്‍ പ്രത്യക്ഷപ്പെടാറുണ്ട്.
കവരില്‍ തീരില്ല കുമ്പളങ്ങിക്കാഴ്ചകള്
ചെമ്മീന്‍കെട്ടും പാടവും ബണ്ടും കൈത്തോടുകളും തെങ്ങും മനോഹരമാക്കുന്ന കുമ്പളങ്ങിക്കാഴ്ചകള് എന്നും സഞ്ചാരികളുടെ മനസില്‍ തങ്ങി നില്‍ക്കുന്നതാണ്. കണ്ടല്‍ക്കാടുകള്‍ അതിര്‍ത്തി വിരിക്കുന്ന ദ്വീപിന്റെ മുഖമുദ്ര ചീനവലകളാണ്. ചൂണ്ടയിട്ട് മീന്‍ പിടിക്കുന്നത് ഇവിടെ എത്തുന്ന സന്ദര്‍ശകരുടെ ഇഷ്ടവിനോദമാണ്. രുചി മുകളങ്ങളെ ഉണര്‍ത്തുന്ന തനത് കുമ്പളങ്ങി വിഭവങ്ങളാണ് മറ്റൊരു പ്രത്യേകത. പാച്ചോറും നീരും കുടുംപുളിയിട്ട് വറ്റിച്ച കായല്‍ മീന്‍കറിയും കരിമീന്‍ പൊള്ളിച്ചതും ചെമ്മീന്‍ ഉലര്‍ത്തിയതും കപ്പയും ഞണ്ടുമൊക്കെ തേടി നിരവധിപ്പേരാണ് ഇവിടേക്ക് എത്തുന്നത്.
എങ്ങനെ എത്താം
എറണാകുളത്തുനിന്ന് 14 കിലോമീറ്റര്‍ ദൂരമാണ് കുമ്പളങ്ങിയിലേക്കുള്ളത്. എറണാകുളത്തുനിന്ന് വരുന്നവര്‍ക്ക് തോപ്പുംപടി, പള്ളുരുത്തി വഴിയും ചെല്ലാനം, കണ്ണമാലി വഴി പുത്തൻകരി കടന്നാലും കുമ്പളങ്ങിയിലെത്താം. അരൂര്‍ – ഇടക്കൊച്ചി വഴി പാലം കയറിയാലും ചെന്നിറങ്ങുന്നതു കുമ്പളങ്ങിയിലാണ്. ആലപ്പുഴ ഭാഗത്തു നിന്നാണ് വരുന്നതെങ്കില്‍ എഴുപുന്ന പാലം വഴി കുമ്പളങ്ങിയിലേക്ക് എത്താം. അടുത്തുളള റെയില്‍വേ സ്റ്റേഷന്: എറണാകുളം- 14 കിലോമീറ്റർ, വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം- 46 കിലോമീറ്റർ.
സീമ മോഹന്‍ലാല്‍