ഷൊർണൂർ: കവളപ്പാറക്കാർ മൗനമായി പ്രാർത്ഥിക്കുന്നു. തകർന്നു വീഴരുതെ ഈ മാളികച്ചുവടെന്ന്.
കാലവർഷം കനക്കുന്പോൾ നാട്ടുകാർക്കൊപ്പം, കളപ്പാറ സ്വരൂപത്തെ നെഞ്ചിലേറ്റിയ ചരിത്രാന്വേഷകരും മോഹിക്കുന്നത് അവശേഷിക്കുന്ന ഈ മാളിക ചുവടെങ്കിലും നിലംപതിക്കരുതേ എന്നാണ്. ഏത് നിമിഷവും നിലംപതിക്കാം ഈ ചരിത്രസ്മാരകം. കവളപ്പാറയുടെ ബാക്കിപത്രമാണിത്.
പറയി പെറ്റ പന്തിരുകുല പെരുമയിലെ ഏക പെണ് സന്തതിയായ കാരൈക്കൽ അമ്മയാരുടെ പിൻ തലമുറക്കാരെന്നവകാശപ്പെടുന്ന നായർ നാടുവാഴികൾ.
പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ദത്തിൽ സാമൂതിരിയെ പേടിച്ചു പുഴ കടന്ന് പെരുപ്പടന്പിൽ അഭയം തേടിയെങ്കിലും ടിപ്പുവിന്റെ മരണശേഷം ഈസ്റ്റിന്ത്യാ കന്പനിക്കാരന്റെ കനിവുകൊണ്ടു മാതം ഇരിപ്പിടം തിരികെ കിട്ടിയപ്പോൾ, കവളപ്പാറ മൂപ്പിൽ സ്വരൂപം നാടിന്റെ ന·ക്കായി പലതും ചെയ്തു.
വാണിഭത്തിനായി തെലുങ്കു നാട്ടിൽ നിന്ന് തെലുങ്കു ചെട്ടിമാരെയും തമിഴകത്തെ ചെട്ടിമാരെയും വാണിയംകുളത്തിലേക്കു ക്ഷണിച്ചു വരുത്തി കുടിയിരുത്തിയത് കവളപ്പാറ സ്വരൂപമാണ്.
വാണിയം കുളത്ത് ആഴ്ച ചന്ത തുടങ്ങിയതും മൂപ്പിൽ നായർ തന്നെയാണ്. കേരളത്തിൽ കാളവണ്ടി സുലഭമല്ലാതിരുന്ന കാലത്ത് കാളവണ്ടി പണിക്കും കച്ചവടത്തിനുമായി ചെട്ടി സമുദായക്കാരെ തമിഴകത്തു നിന്നു ക്ഷണിച്ചു വരുത്തി കൂനത്തറയിൽ പാർപ്പിടം നൽകിയതും മൂപ്പിൽ നായന്മാരാണ്.
തോൽപ്പാവകൂത്തെന്ന കലാരൂപത്തെ പ്രോത്സാഹിപ്പിച്ച ഭരണാധികാരികളിൽ കവളപ്പാറ മൂപ്പിൽ സ്വരൂപവും ഉൾപ്പെടും.
തോൽപ്പാവക്കൂത്ത് രംഗത്തെ എക്കാലത്തേയും മികച്ച കലാകാരന്മാരായ മദിരാശി നടേശൻ പിള്ള, അയിലൂർ സച്ചിദാനന്ദൻ പിള്ള പാലപ്പുറം കൃഷ്ണപ്പുലർ എന്നിവർക്ക് ഒന്നിച്ചിരുന്നു കൂത്തവതരിപ്പിക്കാൻ അവസരം ഒരുക്കിയത് കവളപ്പാറ സ്വരൂപമാണ്.
മദിരാശി നടേശൻ പിള്ളയെ കൊണ്ട് ബാലകാണ്ഡം കഥ ചിട്ടപ്പെടുത്തിച്ചതും തൊഴുവാന്നൂർ കൃഷ്ണൻ എന്ന തോൽകൊല്ലനെ കൊണ്ടു പാവകൾ നിർമ്മിച്ചതും കവളപ്പാറക്കാരാണ്. കാലത്തെ അതിജയിക്കാൻ കൊട്ടാരത്തിനായില്ല എന്നതാണ് സത്യം.
സ്വത്തു തർക്കം കൊട്ടാരത്തെ ഇല്ലാതാക്കി. റിസീവർ ഭരണത്തിൽ ഇന്നവശേഷിക്കുന്നത് മാളികച്ചോട് എന്നറിയപ്പെട്ടിരുന്ന കെട്ടിടത്തിന്റെ ഒരു ഭാഗം മാത്രം.
ഇതും എത്ര നാൾ എന്നത് ചോദ്യമാണ്.ഈ കാലവർഷത്തെ മാളിക ചുവട് അതിജീവിക്കുമോ?