കൊച്ചി: പെണ്‍കുട്ടിയുമായി ചേര്‍ത്തുനിര്‍ത്തി അശ്ലീല ഫോട്ടോയെടുത്തു സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി പണവും ആഭരണങ്ങളും മറ്റും തട്ടിയെടുത്ത കേസില്‍ പ്രതികള്‍ അറസ്റ്റില്‍.
ഇടുക്കി ഉടുമ്പന്‍ചോല മുകളിയില്‍ മഹേഷ് ജോര്‍ജ് (32), ഉടുമ്പന്‍ചോല സ്വദേശിയായ ഷിബു ജോര്‍ജ് (28) എന്നിവരെയാണ് സെന്‍ട്രല്‍ പോലീസ് അറസ്റ്റ് ചെയ്തത്.
വളഞ്ഞമ്പലത്ത് ജോബ് കണ്‍സള്‍ട്ടന്‍സി നടത്തുന്ന പരാതിക്കാരനെ ജനുവരി ആറിന് പ്രതികൾക്കൊപ്പമുള്ള സ്ത്രീ ഓഫീസില്‍ വിളിച്ച് ഒരുജോലി വേണമെന്ന് ആവശ്യപ്പെട്ടു.
പരാതിക്കാരന് സ്ത്രീയോട് നേരിട്ട് ഓഫീസില്‍ വരാന്‍ ആവശ്യപ്പെട്ടു. ഒന്പതിനു സ്ത്രീ വീണ്ടും വിളിച്ച് ഓഫീസിലേക്ക് വരാന്‍ സ്ഥലമറിയില്ലെന്നു പറഞ്ഞു.
ഈ സമയം ഓഫീസിന് പുറത്തായിരുന്ന പരാതിക്കാരന് സ്ത്രീ നില്ക്കുന്ന സ്ഥലത്തെത്തി. കാറില്‍ അവിടെ ചെന്ന ഉടൻ ഷാഡോ പോലീസ് ആണെന്നു പറഞ്ഞു പ്രതികള്‍ കാറിന്റെ താക്കോല്‍ ഊരിയെടുക്കുകയും കാറിനു പിറകിലിരുത്തി കൈകൾ കൂട്ടികെട്ടി മര്‍ദ്ദിക്കുകയും ചെയ്തു.
മൊബൈല്‍ ഫോണും കൈവശമുണ്ടായിരുന്ന 12,500 രൂപയും നാലര പവന് തൂക്കമുണ്ടായിരുന്ന വെള്ളി ചെയിനും തട്ടിയെടുത്തു. പിന്നീട് ഫോര്‍ഷോര്‍ റോഡിലേക്കു കൊണ്ടുപോയി.
അവിടെനിന്ന് 25 വയസുള്ള ഒരു സ്ത്രീയും 35 വയസുള്ള പുരുഷനും കാറില്‍ കയറി. കാറില്‍ വച്ചു സ്ത്രീയെയും പരാതിക്കാരനെയും ചേര്‍ത്ത് ഫോട്ടോകള്‍ എടുത്തു.
ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്നു പറഞ്ഞു പരാതിക്കാരന്റെ എടിഎമ്മില്‍നിന്ന് 7,500 രൂപ പിൻവലിക്കുകയും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് 9,500 രൂപയുടെ മൊബൈല്‍ ഫോൺ വാങ്ങിപ്പിക്കുകയും ചെയ്തു.
പിന്നീട് പരാതിക്കാരനെയും കൂട്ടി നഗരത്തിലെ ഒരു ബാറില്‍ പോയി മദ്യപിച്ചു. പ്രതികള്‍ക്കു ലക്ക് കെട്ട സമയം പരാതിക്കാരന് കാറെടുത്തു രക്ഷപ്പെടുകയായിരുന്നു.
വീണ്ടും സ്ത്രീ കാണണമെന്ന് ആവശ്യപ്പെട്ടപ്പോഴാണ് പരാതിക്കാരന് പോലീസില്‍ പരാതി നല്‍കിയത്. മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം പോലീസ് തുടരുകയാണ്. ഇന്‍സ്പെക്ടര്‍ വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.