ഗുരുവായൂർ: പ്രവാസി സ്വർണവ്യാപാരിയുടെ വീട്ടിൽനിന്ന് 2.67 കിലോഗ്രാം സ്വർണവും രണ്ടു ലക്ഷം രൂപയും കവർന്ന കേസിലെ പ്രതിയെ പോലീസ് പിടികൂടി.
പോലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ അറസ്റ്റ് ഇന്ന് ഉച്ചയോടെ രേഖപ്പെടുത്തുമെന്ന് ഉന്നത ഉദേ്യാഗസ്ഥർ അറിയിച്ചു.
വിരലടയാളംപോലും…
കവർച്ച നടന്ന് 18 ദിവസത്തിനുള്ളിലാണ് പോലീസ് പ്രതിയെ കുടുക്കിയത്. കവർച്ച നടന്ന വീട്ടിൽ വിരലടയാളംപോലും അവശേഷിപ്പിക്കാതെയാണ് പ്രതി കവർച്ച നടന്ന വീട്ടിൽനിന്ന് രക്ഷപ്പെട്ടിരുന്നത്.
ഗുരുവായൂർ എസിപി കെ.ജി. സുരേഷിന്റെ മേൽനോട്ടത്തിൽ ഗുരുവായൂർ സിഐ പി.കെ. മനോജ് കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കുടുക്കിയത്.
മോഷണവിവരം അറിഞ്ഞത്…
തന്പുരാൻപടി കുരഞ്ഞിയൂർ വീട്ടിൽ ബാലന്റെ വീട്ടിൽ മേയ് 12 ന് ഉച്ചയ്ക്കാണ് മോഷണം നടന്നത്. ബാലനും ഭാര്യ രുഗ്മിണിയും കൊച്ചുമകൻ അർജുനും തൃശൂരിൽ സിനിമയ്ക്കു പോയ സമയത്തായിരുന്നു കവർച്ച.
ഡ്രൈവർ ബ്രിജുവിനെയും കൂട്ടിയാണ് ഇവർ സിനിമയ്ക്കു പോയിരുന്നത്. രാത്രി 9.30ന് തിരിച്ച് വീട്ടിലെത്തിയപ്പോഴാണു മോഷണ വിവരം അറിയുന്നത്.
വീടിനു പിൻവശത്തു കൂടി മുകൾ നിലയിലെത്തിയ മോഷ്ടാവ് വാതിൽ കുത്തിപ്പൊളിച്ചാണ് അകത്തു കയറിയിരുന്നത്.
താഴത്തെ നിലയിലെ കിടപ്പുമുറിയിലുണ്ടായിരുന്ന അലമാര കുത്തിതുറന്നാണ് കവർച്ച നടത്തിയത്. രാത്രി 7.20 നും 8.30 നും ഇടയിൽ കവർച്ച നടത്തി ഇരുച്ചക്രവാഹനത്തിൽ പ്രതിരക്ഷപ്പെട്ടതിന്റെ ദൃശ്യങ്ങൾ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞിരുന്നു. എങ്കിലും ഇതിൽ പ്രതിയുടെ ചിത്രങ്ങൾ വ്യക്തമായിരുന്നില്ല.
ആ ദൃശ്യങ്ങളിൽ…
പ്രതി പോയ വഴികളിലുള്ള സിസിടിവി കാമറകൾ മുഴുവൻ പോലീസ് പരിശോധിച്ചു.
സമാനമായ മോഷണ കേസുകൾ പരിശോധിച്ചതിൽനിന്ന് ഷൊർണൂർ കുളപ്പുള്ളിയിലെ ഡോക്ടറുടെ വീട്ടിൽ ഇയാൾ കവർച്ചയ്ക്കു ശ്രമിക്കുന്ന ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു.
ഇവിടുത്തെ ദൃശ്യങ്ങളിൽ ആളെ കൂടുതൽ വ്യക്തമായി അറിയാൻ കഴിഞ്ഞു. ഷാഡോ പോലീസടക്കം മൂന്ന് സംഘങ്ങളായി നടത്തിയ പ്രതി പിടിയിലായത്.