വൈപ്പിന്‍: അൻപത്തിരണ്ട് ദിവസത്തെ ട്രോളിഗം നിരോധനം കഴിഞ്ഞ് നാളെ അര്‍ധരാത്രിക്ക്ശേഷം മത്സ്യബന്ധനത്തിനായി ബോട്ടുകള്‍ കടലിലേക്ക് പോയിത്തുടങ്ങും.
മുനമ്പം, മുരുക്കുംപാടം, കാളമുക്ക്, തോപ്പുംപടി, ചവറ, നീണ്ടകര തുടങ്ങി സംസ്ഥാനത്തിന്റെ വിവിധ മേഖലയില്‍ നിന്നായി ചെറുതും വലുതുമായ ആയിരക്കണക്കിന് ബോട്ടുകളാണ് വലിയ പ്രതീക്ഷകളുമായി കടിലേക്ക് പോകാന്‍ തയാറായി നിൽക്കുന്നത്.
കിളിമീന്‍, കണവ, കരിക്കാടി ചെമ്മീന്‍, തുടങ്ങിയ മത്സ്യങ്ങളാണ് ആദ്യ ദിനങ്ങളില്‍ സാധാരണ ലഭിക്കാറ്. എന്നാല്‍ ഇക്കുറി മണ്‍സൂണ്‍ മഴയുടെ കുറവ് ഈ പ്രതീക്ഷകളെ തകിടം മറിക്കുമെന്നാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ഇക്കുറി കാലവര്‍ഷം കാര്യമായി കാറ്റുകോളുമുണ്ടാക്കാതിരുന്നതിനാല് കടല്‍ ഇതുവരെ ഇളകിയില്ല. ഇതു പരമ്പരാഗത മത്സ്യബന്ധന വള്ളങ്ങള്‍ക്ക് കാര്യമായി ദോഷം ചെയ്തു.
അതേ പോലെ ഈ സീസൺ മത്സ്യബന്ധന ബോട്ടുകള്‍ക്കും പ്രതികൂലമാകുമെന്നാണ് ബോട്ടുടമകളുടെയും ആശങ്ക.
എങ്കിലും കിളിമീനും, ഐലയും, കരിക്കാടി ചെമ്മീനും കുറഞ്ഞ തോതിലെങ്കിലും ലഭിക്കുമെന്ന ചെറിയ പ്രതീക്ഷയിലാണ് ഇത്തവണത്തെ തയ്യാറെടുപ്പുകള്‍.
ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് നാട്ടിലേക്ക് പോയ ഇതരസംസ്ഥാന തൊഴിലാളികള്‍ ഭൂരിഭാഗവും ഇന്നലെയോടെ തിരിച്ചെത്തിക്കഴിഞ്ഞു.
ബോട്ടുകളില്‍ ജോലി അന്വേഷിച്ചു എത്തിയ വടക്കേ ഇന്ത്യക്കാരായ അതിഥിത്തൊഴിലാളികളും മുനമ്പം മുരുക്കുംപാടം മേഖലകളില്‍ തമ്പടിച്ചിട്ടുണ്ട്.
ബോട്ടുകളിലേക്കുള്ള ഭക്ഷണ സാധനങ്ങളും കുടിവെള്ളവും മത്സ്യബന്ധന ഉപകരണങ്ങളുമെല്ലാം കയറ്റിക്കഴിഞ്ഞു. ഐസ്, ഇന്ധനം നിറക്കലും പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു.
അതേസമയം ഇനിയും അറ്റകുറ്റപ്പണികള്‍ കഴിഞ്ഞിറങ്ങാത്ത ബോട്ടുകള്‍ പരമാവധി നാളെ തന്നെ പണികള്‍ തീര്‍ക്കാന്‍ മറൈന്‍ വര്‍ക് ഷോപ്പുകളിലെല്ലാം ധൃതിപിടിച്ച പണികള്‍ നടന്ന് വരുകയാണ്.
ദിനംപ്രതി വര്‍ധിച്ചു വരുന്ന ഡീസല്‍ വില വര്‍ധവില്‍ പിടിച്ചു നില്ക്കാനാവാതെ ഇക്കുറി ട്രോളിംഗ് നിരോധനത്തിനു രണ്ടാഴ്ച മുന്നേ തന്നെ ഭൂരിഭാഗം ബോട്ടുകളും മീൻപിടിത്തം അവസാനിപ്പിച്ചിരുന്നു.