കുട്ടിത്തം വിട്ടുമാറാത്ത കണ്ണുകളും നിഷ്കളങ്കമായ ചിരിയുമുള്ള കാവേരിയെ ഏവരും അറിയും. ഉദ്യാനപാലകനിലൂടെ നായികയായെത്തി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലൂടെ ഏവരുടെയും ഹൃദയം കവര്‍ന്ന നടി. സിനിമയില്‍ വലിയ ഉയരങ്ങളിലെത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന കാവേരി പക്ഷേ സഹനടി റോളുകളിലേക്ക് ഒതുങ്ങിപ്പോയി. മലയാളം കൈവിട്ടെങ്കിലും തമിഴിലും തെലുങ്കിലും കൈനിറയെ ചിത്രങ്ങള്‍ സ്വന്തമാക്കിയ കാവേരി ഇപ്പോള്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ്. മലയാളസിനിമയില്‍ കാര്യമായ നേട്ടങ്ങള്‍ കൊയ്യാനാകാതെ പോയതിനു പിന്നിലെ കാരണങ്ങള്‍ അവര്‍ ഓരോന്നായി വെളിപ്പെടു്ത്തി. ദിവ്യ ഉണ്ണിക്കുവേണ്ടിയായിരുന്നു തനിക്കായി നിശ്ചയിച്ചിരുന്ന വേഷങ്ങള്‍ പലതും തട്ടിയെടുത്തതെന്നാണ് നടി പറയുന്നത്. ഒരു മാസികയ്ക്കു നല്കിയ അഭിമുഖത്തിലാണ് തുറന്നുപറച്ചില്‍.
മലയാളത്തില്‍ ഹിറ്റായ പല സിനിമകളിലും തന്നെ നായികയായിട്ട് വിളിച്ചതാണ്. എന്നാല്‍ പല ചിത്രങ്ങളില്‍നിന്നും അവസാനനിമിഷം തഴയപ്പെട്ടു. അഡ്വാന്‍സ് തന്നിട്ടും അവസാന നിമിഷം അവസരം കൈവിട്ടു പോവുകയായിരുന്നു. കഥാനായകന്‍ എന്ന ജയറാം ചിത്രത്തില്‍ നായിക വേഷം ലഭിച്ചു. മികച്ച കഥ. സംവിധാനം രാജസേനന്‍. അഡ്വാന്‍സ് വാങ്ങി അഭിനയിക്കുവാന്‍ ചെന്നപ്പോള്‍ റോള്‍ ദിവ്യ ഉണ്ണിക്ക്. അന്ന് കുറെ കരഞ്ഞു.
മോഹന്‍ലാല്‍ നായകനായ വര്‍ണപകിട്ടിലേക്കാണ് പിന്നീട് വിളി വന്നത്്. അഡ്വാന്‍സ് ലഭിച്ചു. ഷൂട്ടിംഗിന് തൊട്ടുമുമ്പ് അറിഞ്ഞു ആ വേഷവും ദിവ്യ ഉണ്ണിക്കാണെന്ന്. പിന്നീട് ലാല്‍ ജോസിന്റെ ചന്ദ്രനുദിക്കുന്ന ദിക്കിലേക്ക് തിരഞ്ഞെടുത്തു. അഡ്വാന്‍സ് വാങ്ങിക്കുന്നതിന് തൊട്ടുമുമ്പ് കാവ്യ മാധവനെന്ന പുതിയ കുട്ടി നായികയാകുന്നുവെന്ന്. ആ ചിത്രത്തില്‍ ആരാണ് ഒതുക്കിയതെന്ന് അറിയില്ല. പിന്നെ സഹനടിയുടെ ലേബലിലേക്ക് ഒതുങ്ങിയെന്നും കാവേരി പറഞ്ഞു.