കൊടുങ്ങല്ലൂർ: നഗരസഭാ അധികൃതരുടെ വാഗ്ദാന ലംഘനത്തിനെതിരെ കാവിൽക്കടവ് ലാൻഡിംഗ് പ്ലേസിലെ താമസക്കാർ ഏകദിന ഉപവാസ സമരം നടത്തി. മായാ സജീവ് ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു.
വി.എച്ച്. അൻസാരി, അബ്ദുൾ അസീസ് എന്നിവർ സംസാരിച്ചു. കാവിൽക്കടവ് തോടിനു സമീപം ലാൻഡിംഗ് പ്ലേസിൽ താമസിച്ചിരുന്ന 12 കുടുംബങ്ങളാണു പുതിയ വീടു നിർമിച്ചു നൽകാമെന്ന വാഗ്ദാനം വിശ്വസിച്ച് 2013ൽ വീടൊഴിഞ്ഞു നൽകിയത്.
കേന്ദ്രസർക്കാരിന്റെ ചേരി നിർമാർജന പദ്ധതിയിൽ ഉൾപ്പെടുത്തി ഈ കുടുംബങ്ങൾക്കായി ഫ്ലാറ്റ് നിർമാണം തുടങ്ങിയെങ്കിലും നിർമാണത്തിലെ അപാകതയെത്തുടർന്നു പദ്ധതി പാതിവഴിയിൽ മുടങ്ങി. സമയപരിധി കഴിഞ്ഞതിനെ തുടർന്നു കേന്ദ്ര ഫണ്ട് ലാപ്സായി.
2019 ൽ വി.ആർ. സുനിൽ കുമാർ എംഎൽഎയുടെ ഫണ്ടിൽ നിന്നും പുതിയ ഭവനസമുച്ചയം പണിയുന്നതിനായി 1.20 കോടി രൂപ അനുവദിച്ചിരുന്നു.മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു പൊതു പരിപാടിയും സംഘടിപ്പിച്ചിരുന്നു.നിർമാണച്ചുമതല ഏറ്റെടുത്ത കോസ്റ്റ്ഫോർഡ് തറ കെട്ടിയതൊഴിച്ചാൽ വീടുകളുടെ പണി എങ്ങുമെത്തിയിട്ടില്ല.
നാളിതുവരെയായി വാടകയോ മറ്റ് ആനുകൂല്യങ്ങളോ നഗരസഭ അധികൃതർ നൽകിയിട്ടില്ലെന്നും വീട്ടുകാർ ആരോപിച്ചു.
കൗൺസിലിൽ നിന്നും ബിജെപിഇറങ്ങിപ്പോയി
കൊടുങ്ങല്ലൂർ: ഫ്ലാറ്റിന്റെ നിർമാണം നിർത്തിവച്ചതിലും നഗരസഭാ പ്രദേശത്തു കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിൽ എൽഡിഎഫ് ഭരണസമിതിയും സുനിൽകുമാർ എംഎൽഎയും യാതൊരു പരിഹാരവും കാണാത്തതിലും പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലർമാർ കൗൺസിലിൽ നിന്നും ഇറങ്ങിപ്പോയി.
ഇറങ്ങിപ്പോയ കൗണ്‍സിലർമാർ ഉപവാസ സമരം നടത്തുന്ന ലാൻഡിംഗ് പ്ലേസ് നിവാസികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.ടി.എസ്. സജീവൻ നേതൃത്വം നൽകി. പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഒ.എൻ. ജയദേവൻ ഐക്യദാർഢ്യ സമരം ഉദ്ഘാടനം ചെയ്തു.
ബിജെപി മണ്ഡലം പ്രസിഡന്റ് കെ.എസ്. വിനോദ്, രശ്മി ബാബു, കെ.ആർ. വിദ്യാസാഗർ, സുനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.