നെല്ലായി: നൂറുകണക്കിനാളുകൾ കുളിക്കാനും വസ്ത്രങ്ങൾ കഴുകാനും ആശ്രയിക്കുന്ന മുരിയാട് കാവിൽക്കുളത്തിൽ മാലിന്യം നിറഞ്ഞു. പ്ലാസ്റ്റിക്കും ജൈവമാലിന്യങ്ങളും അടിഞ്ഞു കൂടിയ കുളത്തിലിറങ്ങുന്നവർക്ക് ചൊറിച്ചിലും മറ്റ് ത്വക് രോഗങ്ങളും പിടിപ്പെടുന്നതായി പരാതി ഉയരുന്നുണ്ട്.
മുരിയാട് എഎൽപി സ്കൂളിനു സമീപമാണ് വിസ്തൃതമായ കാവിൽക്കുളമുള്ളത്. വേനൽമാസങ്ങളിൽ കുളിക്കാനും തുണികൾ കഴുകാനും കന്നുകാലികളെ കുളിപ്പിക്കാനും മേഖലയിലെ ജനങ്ങൾ കാവിൽക്കുളത്തെയാണ് ആശ്രയിച്ചുപോരുന്നത്. കിണറുകളിലെ ജലവിതാനം നിലനിൽക്കുന്നതും ഈ കുളത്തിലെ വെള്ളത്തെ ആശ്രയിച്ചാണ്.
കുളത്തിലെ വെള്ളം കുറയുന്പോൾ മുരിയാട് കനാലിൽ നിന്ന് കുളത്തിലേക്ക് വെള്ളം തുറന്നുവിട്ടാണ് ഇതിൽ ജലനിരപ്പ് ഉയർത്തുന്നത്. ഇങ്ങനെ ഒഴുക്കുന്ന കനാൽവെള്ളത്തിലൂടെയാണ് മാലിന്യം കുളത്തിൽ നിറയുന്നത്. പ്ലാസ്റ്റിക് മാലിന്യങ്ങളും ഒഴിഞ്ഞ മദ്യകുപ്പികളും കനാൽ വെള്ളത്തിലൂടെ കുളത്തിലേക്കെത്തുന്നു.
ഇതിനു പുറമെ എലി, കോഴി, പട്ടി തുടങ്ങിയവയുടെ ജഢങ്ങളും കനാൽ വഴി കുളത്തിലെത്തുന്നുണ്ട്. ജൈവ മാലിന്യങ്ങൾ ചീഞ്ഞഴുകി വെള്ളത്തിൽ കലരുന്നത് കുളത്തിൽ കുളിക്കാനിറങ്ങുന്നവർക്ക് പലവിധ ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി പരിസരവാസികൾ പറഞ്ഞു.
കനാലിൽ നിന്ന് കുളത്തിലേക്ക് വെള്ളം തുറക്കുന്ന സ്ലൂയിനോടുചേർന്ന് ഇരുന്പുകൊണ്ടുള്ള നെറ്റ് സ്ഥാപിച്ചാൽ കുളത്തിലേക്ക് മാലിന്യങ്ങൾ ഒഴുകിയെത്തുന്നത് തടയാനാകുമെങ്കിലും ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് ഇതിനുള്ള നടപടിയുണ്ടാകുന്നില്ലെന്നും പരാതിയുണ്ട്.