സ്വന്തം ലേഖകൻ
തൃശൂർ: ശ്രീകേരളവർമ കോളജിലെ അധ്യാപിക ദീപനിശാന്ത് കവിത മോഷ്ടിച്ചെന്ന വിവാദസംഭവത്തിൽ യുജിസിക്ക് ഈ മാസം 31നം കോളജ് പ്രിൻസിപ്പാൾ റിപ്പോർട്ട് നൽകും. എന്താണ് സംഭവിച്ചതെന്നതിനെക്കുറിച്ച് വിശദമായ റിപ്പോർട്ട് നൽകണമെന്ന് യുജിസി പ്രിൻസിപ്പാളിനോട് നോട്ടീസ് മുഖാന്തിരം ആവശ്യപ്പെട്ടിരുന്നു.
റിപ്പോർട്ട് തയ്യാറാക്കുന്നതിന് മുന്നോടിയായി സ്റ്റാഫ് കൗണ്‍സിലിന്റെ യോഗം നാളെ ചേരുമെന്ന് പ്രിൻസിപ്പാൾ ഈശ്വരി പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട എല്ലാവരുടേയും അഭിപ്രായങ്ങൾ ശേഖരിച്ച് ക്രോഡീകരിച്ച ശേഷമായിരിക്കും യുജിസിക്ക് വിശദമായ റിപ്പോർട്ട് നൽകും. ദീപനിശാന്തിന്റെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു റിപ്പോർട്ടിനൊപ്പം ചേർക്കുമെന്നും പ്രിൻസിപ്പാൾ പറഞ്ഞു.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ കീഴിൽ വരുന്ന കോളജായതിനാൽ ബോർഡിന്റെ അഭിപ്രായവും റിപ്പോർട്ട് സമർപിക്കുന്നതിന്റെ ഭാഗമായി ആരായും. കവിതാ മോഷണവുമായി ബന്ധപ്പെട്ട് കോളജിന് ഇതുവരെയും പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പ്രിൻസിപ്പാൾ പറഞ്ഞു. കോളജ്തല അന്വേഷണം നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ റിപ്പോർട്ടും സമർപ്പിക്കണമെന്ന് യുജിസി നിർദ്ദേശിച്ചിരുന്നു.
എന്നാൽ അത്തരത്തിലൊരു വിശദമായ അന്വേഷണം കോളജ് തലത്തിൽ നിന്നുണ്ടായിട്ടില്ല. കൊച്ചിൻദേവസ്വം ബോർഡിൽ ഒരുഅധ്യാപക സംഘടന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദീപനിശാന്തിനോട് ബോർഡ് വിശദീകരണം ചോദിക്കുകയും തുടർന്ന് കോളജിലെ ഫൈൻ ആർട്സിന്റെ ചുമതലകളിൽ നിന്നും ദീപനിശാന്തിനെ ഒഴിവാക്കുകയും ചെയ്തിരുന്നു.
ന്ധഅങ്ങനെയിരിക്കെ മരിച്ചുപോയി ഞാൻ/നീ’ എന്ന ശീർഷകത്തിൽ കവി എസ്.കലേഷ് 2011ൽ ബ്ലോഗിൽ പ്രസിദ്ധീകരിച്ച കവിതയിലെ വരികളാണു ദീപ നിശാന്ത് സ്വന്തമെന്ന മട്ടിൽ പ്രസിദ്ധീകരിച്ചതും വിവാദമായതും. അധ്യാപികയുടെ സത്യസന്ധതയെ ചോദ്യം ചെയ്തു കൊണ്ട് ലഭിച്ച പരാതിയിലാണ് യുജിസിയുടെ ഇടപെടൽ. തൃശൂർ സ്വദേശി സി.ആർ.
സുകുവാണ് കവിതാ മോഷണ വിവാദത്തിന്റെ പശ്ചാത്തലത്തിൽ അധ്യാപികയ്ക്കെതിരെ യു.ജി.സിക്ക് പരാതി നൽകിയത്. ഈ മാസം 31ന് ഇപ്പോഴത്തെ പ്രിൻസിപ്പാൾ ഈശ്വരി റിട്ടയർ ചെയ്യുകയാണ്. അതിന് മുൻപ് യുജിസിക്ക് റിപ്പോർട്ട് നൽകും. നാളെ നടക്കുന്ന സ്റ്റാഫ് കൗണ്‍സിൽ യോഗത്തിൽ വകുപ്പുതലവൻമാരും തെരഞ്ഞെടുക്കപ്പെട്ട കൗണ്‍സിൽ അംഗങ്ങളും പങ്കെടുക്കും.